ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ ഈ വർഷം
Friday, February 28, 2025 11:36 PM IST
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാരക്കരാർ ഉണ്ടാക്കും. കരാറിനു രൂപം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്നും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി.
പ്രതിരോധം, സുരക്ഷ, നിർണായക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
വ്യാപാര, താരിഫ് നയത്തെക്കുറിച്ചുള്ള ആഗോള ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വർഷം അവസാനത്തോടെ പരസ്പരം പ്രയോജനകരമായ സ്വതന്ത്ര വ്യാപാരക്കരാറിലേക്ക് കടക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മോദി വ്യക്തമാക്കി.
നിക്ഷേപസംരക്ഷണ കരാറിനായുള്ള ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും ഇരുപക്ഷവും ആലോചിക്കുന്നുണ്ട്. ഇതിനു പുറമെ ഇന്ത്യ-മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാന്പത്തിക ഇടനാഴി പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കി.
ആഗോള വാണിജ്യം, സുസ്ഥിര വളർച്ച തുടങ്ങിയ മേഖലയിൽ ഈ ഇടനാഴി വലിയ ചുവടുവയ്പായി മാറും. ഇന്തോ- പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും യോജിച്ചു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ പങ്കാളിത്തം ഉയർത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനും നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. വ്യാപാരമേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയായിരുന്നു യൂറോപ്യൻ യൂണിയൻ പ്രസിഡന്റിന്റെയും മറ്റ് യൂറോപ്യൻ യൂണിയൻ കമ്മീഷണർമാരുടെയും ഇന്ത്യാ സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം.