100 കോടി ഇന്ത്യക്കാർക്ക് അത്യാവശ്യ കാര്യങ്ങൾക്കു ചെലവഴിക്കാനുള്ള വരുമാനമേയുള്ളൂ: റിപ്പോർട്ട്
Thursday, February 27, 2025 2:14 AM IST
ന്യൂഡൽഹി: രാജ്യത്തെ 100 കോടി ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്കു ചെലവഴിക്കാനുള്ള വരുമാനം മാത്രമേയുള്ളൂവെന്ന് ബ്ലൂം വെൻചേഴ്സ് കന്പനിയുടെ ഇൻഡസ് വാലി വാർഷിക റിപ്പോർട്ട്.
നികുതി, പാർപ്പിടം, വസ്ത്രം, ഭക്ഷണം തുടങ്ങിയ അത്യാവശ്യ ചെലവുകൾക്കുശേഷം ബാക്കിയുള്ള വരുമാനത്തിൽനിന്ന് രാജ്യത്തെ 70 ശതമാനം ജനങ്ങൾക്കും ചെലവഴിക്കാൻ പണം ലഭിക്കുന്നില്ലെന്നാണ് ബ്ലൂം വെൻചേഴ്സ് കന്പനിയുടെ പഠനത്തിൽ വ്യക്തമാകുന്നത്.
140 കോടി ജനങ്ങളിൽ സന്പദ് വ്യവസ്ഥയുടെ ഉന്നതിയിൽ നിൽക്കുന്ന പത്തു ശതമാനം പേർക്കു മാത്രമാണ് ഡിസ്ക്രീഷനറി വരുമാനത്തിൽനിന്ന് ഉപഭോഗ വസ്തുക്കൾക്കും വിനോദത്തിനുമായി പണം ചെലവഴിക്കാൻ കഴിയുന്നത്.
രാജ്യത്ത് ഉപഭോഗം വർധിക്കുന്പോഴും ഉപഭോഗ വിഭാഗത്തിലെ ജനങ്ങളുടെ എണ്ണം കൂടുന്നില്ലെന്നും പകരം സന്പന്നർക്ക് കൂടുതൽ സന്പത്ത് ലഭിക്കുകയാണ് ചെയ്യുന്നതെന്നും കണ്ടെത്തലുണ്ട്. സാന്പത്തിക വളർച്ചയെയും ഉപഭോഗത്തെയും നയിക്കുന്നത് ഇന്ത്യയിലെ പത്തു ശതമാനം വരുന്ന 14 കോടി ജനങ്ങൾ മാത്രമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
എളുപ്പത്തിൽ പണമയയ്ക്കാൻ സാധിക്കുന്ന ഓണ്ലൈൻ ഡിജിറ്റൽ സംവിധാനമായ യുപിഐയുടെ കടന്നു വരവോടെ അത്യാവശ്യ കാര്യങ്ങൾക്കുപുറമേ പണം ചെലവഴിക്കുന്ന പുതിയൊരു വിഭാഗം കൂടി ഉയർന്നുവരുന്നുണ്ട്. ഉപഭോഗത്തിനായി മാത്രം പണം ചെലവഴിക്കുന്ന ഇവരുടെ എണ്ണം 30 കോടിയോളം വരും.
രാജ്യത്ത് സാന്പത്തിക അസമത്വം വർധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 1990ൽ ഇന്ത്യയിലെ സന്പദ് വ്യവസ്ഥയുടെ ഉന്നതിയിൽ നിൽക്കുന്ന പത്തു ശതമാനം ജനങ്ങൾ ദേശീയ വരുമാനത്തിന്റെ 34 ശതമാനമാണ് കൈയടക്കി വച്ചിരിക്കുന്നതെങ്കിൽ 2025ൽ അത് 57.7 ശതമാനമായി വർധിച്ചു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യയുടെ ഉപഭോഗവളർച്ച ലോകത്തെ മറ്റു പല സന്പദ്വ്യവസ്ഥകളെക്കാൾ വളർച്ച പ്രാപിച്ചെങ്കിലും പ്രതിശീർഷ ഉപഭോഗച്ചെലവിൽ ഇന്ത്യ ചൈനയേക്കാൾ 13 വർഷം പിന്നിലാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
2010ൽ ഒരു ചൈനീസ് പൗരൻ ശരാശരി 1597 ഡോളർ ഉപഭോഗത്തിനായി ഒരു വർഷം ചെലവിട്ടെങ്കിൽ 2023ലും ഒരു ശരാശരി ഇന്ത്യൻ പൗരന്റെ പ്രതിശീർഷ ഉപഭോഗ ചെലവ് 1493 ഡോളർ മാത്രമാണ്.