ബിഹാറിൽ ഏഴു ബിജെപി മന്ത്രിമാർ കൂടി
Thursday, February 27, 2025 2:14 AM IST
പാറ്റ്ന: ബിഹാറിൽ ഏഴു മന്ത്രിമാരെ ഉൾപ്പെടുത്തി നിതീഷ്കുമാർ മന്ത്രിസഭ വികസിപ്പിച്ചു. ഏഴു പേരും ബിജെപിക്കാരാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സംസ്ഥാനത്ത് 36 മന്ത്രിമാരായി. ഈ വർഷം ഒടുവിൽ ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
ജിബേഷ്കുമാർ, സഞ്ജയ് സരാവോഗി, സുനിൽകുമാർ, രാജുകുമാർ സിംഗ്, കൃഷ്ണകുമാർ മന്റു, വിജയ്കുമാർ മണ്ഡൽ, മോത്തിലാൽ പ്രസാദ് എന്നിവരാണു പുതിയ മന്ത്രിമാർ. ഇവരിൽ ജിബേഷ്കുമാർ (ഭൂമിഹാർ), രാജുകുമാർ സിംഗ് (രജപുത്ര) എന്നിവർ മുന്നാക്കവിഭാഗക്കാരാണ്. 2022 ഓഗസ്റ്റ് വരെ നിതീഷ്കുമാർ മന്ത്രിസഭയിൽ അംഗമായിരുന്നു ജിബേഷ്കുമാർ.
സുനിൽകുമാർ മൂന്നു തവണ ജെഡി-യു ടിക്കറ്റിൽ നിയമസഭാംഗമായിട്ടുണ്ട്. 2015ലാണു ബിജെപിയിൽ ചേർന്നത്. രാജുകുമാർ സിംഗും മുന്പ് ജെഡി-യുവിലായിരുന്നു.