ഹിന്ദി അംഗീകരിക്കില്ലെന്ന് എം.കെ. സ്റ്റാലിൻ
Thursday, February 27, 2025 2:14 AM IST
ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കില്ലെന്നു വീണ്ടും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
തമിഴരുടെമേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിനു തുല്യമാണെന്നും സ്റ്റാലിൻ പറഞ്ഞു. പാർട്ടി അംഗങ്ങൾക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്തുകൊണ്ടാണ് ഇപ്പോഴും ഹിന്ദിയെ എതിർക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടി ഇപ്പോഴും നിങ്ങൾ ഞങ്ങളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ്. ത്രിഭാഷാ ഫോർമുലയുടെ പേരിൽ ഹിന്ദിയും പിന്നീട് സംസ്കൃതവും അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻഇപി) ത്രിഭാഷാ ഫോർമുലയിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചു.