വളർച്ച 6.4% ; കഴിഞ്ഞ നാലു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
Saturday, February 1, 2025 3:10 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അടുത്ത സാന്പത്തികവർഷം രാജ്യം 6.3-6.8 ശതമാനത്തിനുമിടയിൽ വളർച്ച നേടുമെന്ന് സാന്പത്തിക സർവേ. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത ഭാരതമാക്കുക എന്നതാണു ലക്ഷ്യം.
എന്നാൽ ഇതിനായി നിലവിൽ 6.4 ശതമാനം മാത്രമുള്ള മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച അടുത്ത രണ്ടു പതിറ്റാണ്ടുകളിൽ എട്ടു ശതമാനമായി കൂടേണ്ടതുണ്ടെന്ന് ഇന്നലെ പാർലമെന്റിൽ സമർപ്പിച്ച സാന്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നാലു വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചയാണു നടപ്പുവർഷത്തേത്.
സന്പദ് വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിലൊന്നായ നിർമാണമേഖലയിലെ വളർച്ച പിന്നോട്ടടിച്ചുവെന്ന് സർവേയിൽ വ്യക്തമാക്കി. ആഗോള ഉത്പാദനത്തിൽ ചൈനയുടെ മേധാവിത്വം വെല്ലുവിളിയാണ്. വാണിജ്യ നിക്ഷേപ പദ്ധതികളും കുറഞ്ഞു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും നേരിയ തോതിൽ കുറയുകയോ തത്സ്ഥിതിയിൽ നിയന്ത്രിക്കാനാവുകയോ ചെയ്തിട്ടുണ്ടെന്നും അവകാശവാദമുണ്ട്.
കാർഷികമേഖല ശക്തമായി പിടിച്ചുനിന്നുവെന്നാണ് മറ്റൊരു വിലയിരുത്തൽ. വെല്ലുവിളികളെ നേരിടാൻ കർഷകർക്കു സാഹചര്യമുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യപങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന നിർദേശം റിപ്പോർട്ടിലുണ്ട്.
ആഗോള രാഷ്ട്രീയ-സാന്പത്തിക പരിസ്ഥിതിയിൽ 2026ൽ ഇന്ത്യയിലെ ഓഹരിവിപണിയിൽ ഇടത്തരം നിക്ഷേകർക്ക് വൻ തിരിച്ചടി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസർക്കാരിന്റെ സാന്പത്തിക സർവേ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
അമേരിക്കൻ വിപണിയിലുണ്ടാകുന്ന തിരുത്തലിന്റെ ആഘാതം താങ്ങാവുന്നതിലും വലുതായേക്കും. പശ്ചിമേഷ്യ, യുക്രെയ്ൻ സംഘർഷങ്ങളും അമേരിക്കയിലെ ഭരണമാറ്റവും ഇന്ത്യയെ ദോഷകരമായി ബാധിക്കും. ഡോളറിന്റെ മൂല്യം കൂടുന്നത് രൂപയുടെ വിലയിടിച്ചു.
സുസ്ഥിര വികസനത്തിൽ കേരളത്തിനു പ്രശംസ
സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായുള്ള കേരളത്തിന്റെ പ്രാദേശിക വികസന മാതൃകയ്ക്കു സാന്പത്തിക സർവേയിൽ പ്രശംസ. ഗ്രാമവികസനത്തിനുള്ള കേരള മാതൃക മറ്റു സംസ്ഥാനങ്ങളിലും പകർത്തണമെന്ന് സർവേയിൽ നിർദേശിച്ചു. ഗ്രാമവികസനത്തിന് കേന്ദ്രം മുൻതൂക്കം നൽകുമെന്ന വാഗ്ദാനവുമുണ്ട്.
ഗ്രാമവികസനത്തിനായുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് കേരളത്തിൽ നൽകിയ പ്രാദേശികമായ മുൻഗണന മാതൃകാപരമാണെന്ന് കേന്ദ്രസർക്കാർ വിലയിരുത്തി. ഭവനനിർമാണം, ശുചിത്വം, ജലവിതരണം, വൈദ്യുതി തുടങ്ങിയവയിലെ പ്രാദേശികമായ പരിഗണന വികസനത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതിനു സഹായകമായി. താഴേത്തട്ടിലേക്കു വികസനമെത്തിക്കുന്നതിന് ഇതുമൂലം കഴിഞ്ഞു.
തദ്ദേശസ്ഥാപനങ്ങളെയും ഗ്രാമസമൂഹങ്ങളെയും ഉൾപ്പെടുത്തിയുള്ള കേരള മോഡൽ മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കണമെന്ന് സാന്പത്തിക സർവേ പറയുന്നു. ഇതിനായി കിലയുമായി (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ചേർന്നു തദ്ദേശ ഭരണവകുപ്പ് വികസിപ്പിച്ച സമഗ്രമായ മാനദണ്ഡങ്ങളെയും സർവേയിൽ അഭിനന്ദിച്ചു.