രാഷ്ട്രപിതാവിന് ശ്രദ്ധാഞ്ജലി
Friday, January 31, 2025 2:54 AM IST
ന്യൂഡൽഹി: ഭരണസംവിധാനത്തിന്റെ ഉന്നതിയിലുള്ള പലരും ഇന്ന് ഗാന്ധിജിയുടെ ത്യാഗങ്ങളെ നിരാകരിക്കുകയാണെന്ന് കോണ്ഗ്രസ്. ഗാന്ധിജിയെയോ ഗോഡ്സെയെയോ തെരഞ്ഞെടുക്കേണ്ട സ്ഥിതിവന്നാൽ ഭരണകക്ഷി എംപിമാരിലെ പലർക്കും ചിന്തിക്കേണ്ടിവരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
അംബേദ്കറെ വിമർശിച്ചതുപോലെ ഗാന്ധിജിയെയും അധിക്ഷേപിച്ചവർ ഇന്ന് അധികാരത്തിലിരിക്കുകയാണ്. ഗാന്ധിജിയുടെ ത്യാഗങ്ങളെ നിരാകരിക്കുന്ന അവർ 2024 ജനുവരി 22ലാണ് ഇന്ത്യ സ്വതന്ത്രമായതെന്ന് അവകാശപ്പെടുന്നു. ഗാന്ധിജിയുടെ പാരന്പര്യം സംരക്ഷിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ഇന്ത്യ എന്ന ആശയത്തിന്റെ അതിജീവനത്തിന് അനിവാര്യമാണെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
രാവിലെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമർപ്പിച്ചു.
ഗാന്ധിജിയുടെ ആശയങ്ങൾ വികസിത ഇന്ത്യയെ നിർമിക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത എല്ലാവരെയും ഈയവസരത്തിൽ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. ഗാന്ധിജിയുടെ ജീവിതം തങ്ങൾക്കു വഴികാട്ടിയാണെന്നും അദ്ദേഹത്തിന്റെ സമത്വം, അഭിവൃദ്ധി തുടങ്ങിയ ആദർശങ്ങൾ തകർക്കാൻ ശ്രമിക്കുന്നവരെ എതിർക്കണമെന്നും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഗാന്ധിജി ഒരു വ്യക്തി മാത്രമായിരുന്നില്ലെന്നും അദ്ദേഹം ഇന്ത്യയുടെ ആത്മാവായിരുന്നുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ അദ്ദേഹം വെടിയേറ്റുവീണ ബിർള ഹൗസിലെ ഗാന്ധിസ്മൃതിയിൽ ഖാർഗെയും രാഹുലും ശ്രദ്ധാഞ്ജലി അർപ്പിച്ചു.
രക്തസാക്ഷിത്വദിനാചരണത്തോടനുബന്ധിച്ച് നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയും നാഷണൽ ഗാന്ധി മ്യൂസിയവും ചേർന്ന് പ്രസാർ ഭാരതി ആർക്കൈവ്സിന്റെയും നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു.
"ജേർണി ഓഫ് ദ മഹാത്മ: ത്രു ഹിസ് ഓൺ ഡോക്കുമെന്റ്സ്' എന്നപേരിൽ രാജ്ഘട്ടിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിൽ സംഘടിപ്പിച്ച പ്രദർശനം ഗാന്ധിജിയുടെ ചെറുമകളും നാഷണൽ ഗാന്ധി മ്യൂസിയം ചെയർപേഴ്സനുമായ താരാ ഗാന്ധി ഭട്ടാചാർജി ഉദ്ഘാടനം ചെയ്തു.
അപൂർവ ഫോട്ടോകൾ, ഔദ്യോഗിക രേഖകൾ, ഓഡിയോ റെക്കോർഡിംഗുകൾ, വീഡിയോ ക്ലിപ്പിംഗുകൾ എന്നിവയിലൂടെ രാഷ്ട്രപിതാവിനെ അടുത്തറിയാനുള്ള അവസരമാണു പ്രദർശനത്തിലൂടെ ലഭിച്ചത്.