ജീവിതനിലവാരം: മോദിസർക്കാരിൽ ജനത്തിന് പ്രതീക്ഷ നഷ്ടപ്പെടുന്നതായി സർവേ
Friday, January 31, 2025 2:54 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു കീഴിൽ ജീവിതനിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷ കൂടുതൽ പേർക്കു നഷ്ടപ്പെടുന്നതായി സർവേ റിപ്പോർട്ട്.
വരുമാനം വർധിക്കാത്തതും ഉയർന്ന ജീവിതച്ചെലവുകളുമാണ് ഇത്തരമൊരു ചിന്തയിലേക്ക് ജനത്തെ നയിക്കുന്നത്. കേന്ദ്രബജറ്റിനു മുന്നോടിയായി സി-വോട്ടർ എന്ന പോളിംഗ് ഏജൻസി നടത്തിയ സർവേയിലാണ് മൂന്നാം മോദിസർക്കാരിനു കീഴിൽ ജനം സാന്പത്തികമായി ഞെരുക്കത്തിലാണെന്നു വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവന്നത്.
സർവേയിൽ പങ്കെടുത്ത 37 ശതമാനം പേരും അടുത്ത വർഷം സാധാരണക്കാരുടെ ജീവിതനിലവാരം കൂടുതൽ മോശമാകുമെന്നാണ് പ്രതികരിച്ചത്. 2013നുശേഷം ആദ്യമായാണ് ഇത്രയും വലിയൊരു ശതമാനം ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സി-വോട്ടർ ഏജൻസി വ്യക്തമാക്കി.
വിലക്കയറ്റത്തെ പ്രതിരോധിക്കാൻ കേന്ദ്രം വേണ്ട നടപടികളെടുത്തില്ലെന്നും മോദി പ്രധാനമന്ത്രിയായശേഷം നിത്യോപയോഗസാധനങ്ങളുടെ വില വളരെയധികം വർധിച്ചുവെന്നും സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ടു പേരും അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം തങ്ങളുടെ ജീവിതനിലവാരത്തെ സാരമായി ബാധിച്ചുവെന്ന് പകുതിയിലധികം പേർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷത്തെ വരുമാനത്തിൽനിന്ന് ഈ വർഷവും മാറ്റമൊന്നുമുണ്ടായില്ലെന്നും എന്നാൽ ചെലവ് വർധിച്ചുവെന്നും സർവേയിൽ പങ്കെടുത്ത പകുതിയോളം പേർ അഭിപ്രായപ്പെട്ടു.
ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കുന്ന ബജറ്റിൽ സാധാരണക്കാർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഈ വർഷം സാന്പത്തികവളർച്ച ഇഴഞ്ഞുതന്നെ നീങ്ങുമെന്നാണ് സാന്പത്തികവിദഗ്ധർ വിലയിരുത്തുന്നത്.
ഈ സാഹചര്യത്തിലാണ് മൂന്നാം മോദിസർക്കാരിനു കീഴിൽ തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കൂടുതൽ ഇന്ത്യക്കാർ അഭിപ്രായപ്പെട്ടുവെന്ന സർവെഫലം പുറത്തുവരുന്നത്.