കുംഭമേള ദുരന്തം; യോഗിയെ കുടഞ്ഞ് പ്രതിപക്ഷം
Friday, January 31, 2025 2:54 AM IST
ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിനുമുന്നോടിയായി ഇന്നലെ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ മഹാകുംഭമേള ദുരന്തമടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെ കുടഞ്ഞു.
മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും പെട്ടു വിശ്വാസികൾ മരിച്ച സംഭവം യുപി സർക്കാരിന്റെ കെടുകാര്യസ്ഥതയും വിവിഐപികൾക്കുവേണ്ടിയുള്ള ക്രമീകരണങ്ങളും മൂലമാണെന്ന് സമാജ്വാദി പാർട്ടിയിലെ രാംഗോപാൽ യാദവ് ചൂണ്ടിക്കാട്ടി.
കുംഭമേളയുടെ മാനേജ്മെന്റിനേക്കാൾ കൂടുതൽ ശ്രദ്ധ സെൽഫ് പ്രൊമോഷനിലായിരുന്നു. ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രമീകരണങ്ങളിലെ പാളിച്ചകൾക്കു യോഗി ആദിത്യനാഥ് സർക്കാരാണ് ഉത്തരവാദിയെന്നും പാർലമെന്റിൽ വിശദമായ ചർച്ച വേണമെന്നും ഇന്ത്യ സഖ്യം പാർട്ടികൾ ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതി ബിൽ ചർച്ച ചെയ്ത സംയുക്ത പാർലമെന്ററി സമിതിയുടെ നടപടിക്രമങ്ങൾ ചെയർമാനായ ജഗദംബിക പാൽ ബുൾഡോസിംഗ് നടത്തിയെന്ന് കോണ്‍ഗ്രസിലെ ഗൊഗോയി, സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവർ ആരോപിച്ചു.
യുജിസി മാനദണ്ഡങ്ങളിലെ മാറ്റത്തിനെതിരേ പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതിഷേധം അറിയിച്ചു. പുതിയ കരട് ചട്ടങ്ങൾ സംസ്ഥാന സർവകലാശാലകളുടെ അക്കാദമിക് സമഗ്രതയ്ക്കും സ്വയംഭരണത്തിനും ഭീഷണിയാകുമെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ സാന്പത്തികം അടക്കം അധികാരങ്ങൾ കേന്ദ്രം കവരുകയാണ്. പ്രോവിഡന്റ് ഫണ്ട് പെൻഷൻ ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുന്നതും പ്രതിഷേധാർഹമാണ്.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വന്യജീവി ആക്രമണം കൂടിവരുന്നതു തടയാൻ ഫലപ്രദമായ നടപടികളുണ്ടാകണം. 1972ലെ വന്യജീവി സംരക്ഷണം നിയമം പരിഷ്കരിക്കണം. കാർഷികോത്പന്നങ്ങളുടെ താങ്ങുവില കൂട്ടുകയും റബർ കാർഷികോത്പന്നമായി പ്രഖ്യാപിക്കുകയും വേണമെന്ന് കേരള എംപിമാർ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളിലെല്ലാം പാർലമെന്റിൽ വിശദമായ ചർച്ച വേണമെന്നു പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ പാർലമെന്റ് അനക്സ് മന്ദിരത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ മന്ത്രിമാരായ ജെ.പി. നഡ്ഡ, കിരണ്‍ റിജിജു, അർജുൻ റാം മേഘ്വാൾ, എൽ. മുരുകൻ എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ്, ഡിഎംകെ നേതാവ് ടി.ആർ. ബാലു, സമാജ്വാദി പാർട്ടിയിലെ രാംഗോപാൽ യാദവ്, തൃണമൂൽ നേതാക്കളായ സുദീപ് ബന്ദോപാധ്യായ, ഡെറിക് ഒബ്രിയൻ, സിപിഎം നേതാക്കളായ കെ. രാധാകൃഷ്ണൻ, ജോണ്‍ ബ്രിട്ടാസ്, മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ്, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, സിപിഐയിലെ പി. സന്തോഷ്കുമാർ, ബിജെഡിയിലെ സസ്മിത് പത്ര, ജെഎംഎമ്മിലെ മഹുവ മാജി തുടങ്ങിയവർ പങ്കെടുത്തു.