കുംഭമേളയിൽ ദുരന്തം 30 മരണം
Thursday, January 30, 2025 3:50 AM IST
പ്രയാഗ്രാജ്: മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. നൂറോളം പേർക്കു പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരുന്നു അപകടം.
മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായി മഹാകുംഭ് ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. ദുരന്തമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞ് വൈകുന്നേരം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഡിഐജി മരിച്ചവരുടെ കണക്ക് പുറത്തുവിട്ടത്. മരിച്ചവരിൽ നാലു പേർ കർണാടകക്കാരാണ്. ആസാം, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്നുള്ള ഓരോരുത്തരും മരിച്ചു.
അതേസമയം, മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കുമെന്നാണു ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ അറിയിച്ചത്. നാല്പതിലേറെപ്പേർ മരിച്ചെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അപകടത്തിൽ യുപി സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം യുപി സർക്കാർ പ്രഖ്യാപിച്ചു.
ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകടകാരണമെന്ന് ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. ബാരിക്കേഡ് തകർന്നതോടെ, ബ്രാഹ്മമുഹൂർത്തത്തിൽ സ്നാനം നടത്താൻ കാത്തിരുന്നവരുടെ മുകളിലേക്ക് ആളുകൾ വീണു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കാണു പ്രധാനമായും പരിക്കേറ്റത്. പോലീസും റെസ്ക്യു ടീമുകളും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
അതേസമയം, ദുരന്തമുണ്ടായ ത്രിവേണിഘട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞ് വീണ്ടും സ്നാനം തുടങ്ങി. ഇന്നലെ ആറു കോടി ഭക്തർ സ്നാനം നടത്തിയെന്നാണ് കണക്കാക്കുന്നത്. മൗനി അമാവാസി ദിനമായതുകൊണ്ടാണ് ഇത്രയധികം ഭക്തർ എത്തിയത്. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി.
മഹാകുംഭമേളയ്ക്കിടെയുണ്ടായ ദുരന്തം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും അഖില ഭാരതീയ അഖാഡ പരിഷദ് തലവൻ മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
എന്നാൽ, വിഐപി സന്ദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദീകരിച്ചതാണു ക്രമീകരണങ്ങളിലെ വീഴ്ചയ്ക്കു കാരണമെന്നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ലോകത്തെ ഏറ്റവും വലിയ മതചടങ്ങിന്റെ ചുമതല സൈന്യത്തെ ഏല്പിക്കണമെന്നു യുപി മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.