ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണം വിജയകരം
Thursday, January 30, 2025 3:50 AM IST
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയകരമായി നടത്തി.
ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഇന്നലെ രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-2 സാറ്റലൈറ്റുമായി ജിഎസ്എല്‍വി-എഫ്15 കുതിച്ചുയര്‍ന്നു. വിക്ഷേപണം നടന്ന് 19 മിനിറ്റില്‍ ഉപഗ്രഹത്തെ നിര്‍ണായക ഭ്രമണപഥത്തിലെത്തിച്ചു.
“ജിഎസ്എല്‍വി-എഫ്15 വിക്ഷേപണ വാഹനം എന്‍വിഎസ്-02 എന്ന നാവിഗേഷന്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ കൃത്യമായി എത്തിച്ചുകൊണ്ട് 2025ലെ ആദ്യ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിക്കുന്നു’’- ഐഎസ്ആര്‍ഒ മേധാവി ഡോ. വി. നാരായണന് പറഞ്ഞു. വി. നാരായണന് ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിത്. മലയാളിയായി തോമസ് കുര്യനായിരുന്നു മിഷൻ ഡയറക്ടർ.
അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം. സ്ഥാനനിര്‍ണയം, നാവിഗേഷന്‍, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആര്‍ഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്സ്റ്റലേഷന് (നാവിക്). ജിഎസ്എല്‍വിയുടെ പതിനേഴാം ദൗത്യംകൂടിയാണിത്.
1979ലാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽനിന്ന് ഐഎസ്ആർഒ ആദ്യ വിക്ഷേപണം നടത്തിയത്. ആദ്യ ദൗത്യം പരാജയപ്പെട്ടു. 46 വർഷംകൊണ്ടാണ് ഐഎസ്ആർഒ 100 വിക്ഷേപണങ്ങൾ നടത്തിയത്.
അടുത്ത അഞ്ചു വർഷംകൊണ്ട് 200 വിക്ഷേപണങ്ങൾ പൂർത്തിയാക്കാനാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.