ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം
Friday, January 31, 2025 2:54 AM IST
ചണ്ഡിഗഡ്: ചണ്ഡിഗഡ് മേയർതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. എഎപി-കോൺഗ്രസ് സഖ്യത്തെയാണു ബിജെപിയിലെ ഹർപ്രീത് കൗർ ബബ്ല പരാജയപ്പെടുത്തിയത്. ബബ്ലയ്ക്ക് 19 വോട്ടും എഎപിയിലെ പ്രേമലതയ്ക്ക് 17 വോട്ടുമാണു ലഭിച്ചത്.
അതേസമയം, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ കോൺഗ്രസ് നേടി. സീനിയർ ഡെപ്യൂട്ടി മേയറായി ജസ്ബീർ സിംഗ് ബണ്ടിയും ഡെപ്യൂട്ടി മേയറായി തരുണ മേത്തയും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവർക്കും 19 വോട്ടു ലഭിച്ചു.
എഎപി-കോൺഗ്രസ് പക്ഷത്തുനിന്നു വോട്ട് ചോർന്നതാണു ബിജെപിയുടെ മേയർ സ്ഥാനാർഥി വിജയിക്കാൻ കാരണം. 35 അംഗ കൗൺസിലിൽ എഎപിക്ക് 13ഉം കോൺഗ്രസിന് ആറും കൗൺസിലർമാരാണുള്ളത്. ബിജെപിക്ക് 16 കൗൺസിലർമാരുണ്ട്.
ചണ്ഡിഗഡ് എംപിക്കു വോട്ടവകാശമുണ്ട്. കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് എംപി. എഎപിയുടെ മേയർസ്ഥാനാർഥിക്ക് മനീഷ് തിവാരിയുടേതുൾപ്പെടെ 20 വോട്ട് ലഭിക്കേണ്ടതായിരുന്നു. മൂന്നു വോട്ടുകൾ ബിജെപിയിലേക്കു പോയി. ക്രോസ് വോട്ട് ചെയ്തവർക്കെതിരേ നടപടിയുണ്ടാകുമെന്ന് എഎപി, കോൺഗ്രസ് നേതാക്കൾ പറഞ്ഞു.