ആന്ധ്രയിൽ സര്‍ക്കാര്‍ സേവനങ്ങള്‍ വാട്സ് ആപ് വഴി
Friday, January 31, 2025 2:50 AM IST
അമരാവതി: സര്‍ക്കാര്‍ സേവനങ്ങള്‍ വാട്സ് ആപ്പിലൂടെ ലഭ്യമാകുന്ന മന മിത്ര പദ്ധതി അവതരിപ്പിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഗുണ്ടൂര്‍ ജില്ലയിലെ ഉണ്ടവല്ലിയിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ് വേദി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വാട്സ് ആപ് ഗവേണന്‍സ് സേവനങ്ങളുടെ ഭാഗമായാണു പുതിയ തീരുമാനം. ഈ സംരംഭം ആന്ധ്രപ്രദേശിനെ വീണ്ടും ഇ-ഗവേണന്‍സ് സംരംഭങ്ങളുടെ മുന്‍നിരയിലേക്ക് എത്തിക്കുമെന്നു ഐടി മന്ത്രി പറഞ്ഞു.
പദ്ധതിയിലൂടെ 161 സേവനങ്ങള്‍ ലഭിക്കും. 9552300009 എന്ന ഫോണ്‍ നമ്പറിലാണുസേവനങ്ങള് ലഭ്യമാകുക. ക്ഷേത്രം സന്ദര്‍ശിക്കാനുള്ള സമയം, എപിഎസ്ആര്‍ടിസി ബസ് ടിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇതിലൂടെ സാധിക്കും.
രണ്ടാമത്തെ ഘട്ടത്തില്‍ 360 സേവനങ്ങളും പിന്നീട് 520 സേവനങ്ങളും മന മിത്രയിലൂടെ ലഭ്യമാകുമെന്ന് സർക്കാർ വ്യക്തമാക്കി.