സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹികസുരക്ഷാ പെൻഷൻ
കൈപ്പറ്റുന്നതായി കണ്ടെത്തൽ
Thursday, November 28, 2024 3:01 AM IST
തിരുവനന്തപുരം: അർഹതയില്ലാതെ സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റി സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാന്പത്തിക തട്ടിപ്പു നടത്തിയതായി കണ്ടെത്തി.
55 വകുപ്പുകളിലായി പാർട്ട് ടൈം സ്വീപ്പർമാർ മുതൽ ഹയർ സെക്കൻഡറി, കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും വരെയുള്ളവർ സാമൂഹികസുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ.
ധനവകുപ്പ് നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് സർക്കാർ ജീവനക്കാരുടെ വൻ സാന്പത്തിക തട്ടിപ്പു കണ്ടെത്തിയത്. കുറ്റക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ കർശന അച്ചടക്കനടപടി സ്വീകരിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. അനധികൃതമായി ഇതുവരെ കൈപ്പറ്റിയ പെൻഷൻ തുക പലിശയടക്കം തിരിച്ചുപിടിക്കാനും നിർദേശിച്ചു.
വികലാംഗ ക്ഷേമപെൻഷൻ, വിധവ പെൻഷൻ തുടങ്ങിയ ഇനങ്ങളിലാണ് പ്രധാനമായും സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി പെൻഷൻ വാങ്ങുന്നത്. ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കു ക്ഷേമപെൻഷന് അപേക്ഷിക്കാൻ അർഹതയില്ല. ഈ മാനദണ്ഡം കാറ്റിൽ പറത്തിയാണ് സർക്കാർ ജീവനക്കാർ ശന്പള ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റുന്നതിനൊപ്പം ക്ഷേമ പെൻഷനും വാങ്ങുന്നത്.
കോളജ് അസിസ്റ്റന്റ് പ്രഫസർമാരായ രണ്ടു പേരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരാൾക്ക് തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളജിലാണ് ജോലി. മറ്റൊരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളജിലാണ്. ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നു പേരാണ് പെൻഷൻ വാങ്ങുന്നത്.
വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ് ധനവകുപ്പിന്റെ തീരുമാനം. അനർഹരെ കണ്ടെത്തി ഒഴിവാക്കി അർഹരായവർക്ക് കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുന്ന നടപടി തുടരുമെന്ന് ധനവകുപ്പ് അറിയിച്ചു.
അതേസമയം, ചില സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്ഷന് കൈപ്പറ്റിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പെന്ഷന് നല്കുമ്പോള് ചില പുഴുക്കുത്തുകള്‍ ഉണ്ടാകും. ഇവരെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഗോവിന്ദൻ തൊടു പുഴയിൽ പറഞ്ഞു.
ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമപെൻഷൻ വാങ്ങുന്നതെന്നാണു കണ്ടെത്തൽ- 373 പേർ. വിവിധ വകുപ്പുകളിൽ അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ എണ്ണം ചുവടെ:
പൊതു വിദ്യാഭ്യാസം -224
മെഡിക്കൽ എഡ്യുക്കേഷൻ-124
ആയുർവേദം-114
മൃഗസംരക്ഷണം-74
പൊതുമരാമത്ത്-47
സാങ്കേതിക വിദ്യാഭ്യാസം- 46
ഹോമിയോപ്പതി-41
കൃഷി-35
റവന്യു- 35
ജുഡീഷറി ആൻഡ്
സോഷ്യൽ ജസ്റ്റീസ്- 34
ഇൻഷ്വറൻസ് മെഡിക്കൽ
സർവീസ് -31
കൊളീജിയറ്റ്
എഡ്യുക്കേഷൻ-27
വിൽപ്പന നികുതി- 14
പട്ടികജാതി ക്ഷേമം- 13
ഗ്രാമവികസനം-10
പോലീസ്-10
പിഎസ്സി-10
ആയുർവേദ മെഡിക്കൽ
എഡ്യൂക്കേഷൻ- 10
വനം വന്യജീവി -09
സഹകരണം- 08
ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്-07
തൊഴിൽ പരിശീലനം-07
വൊക്കേഷണൽ
ഹയർ സെക്കൻഡറി-07
സോയിൽ സർവേ-06
ഫിഷറീസ്-06
തദ്ദേശം-04
ഗതാഗതം-04
വ്യവസായവും വാണിജ്യവും-04
ഫയർഫോഴ്സ്-04
ക്ഷീരവികസനം-04
പൊതുവിതരണം-04
അഡ്വക്കറ്റ് ജനറൽ ഓഫീസ്-04
സാമൂഹികക്ഷേമം-03
രജിസ്ട്രേഷൻ-03
മ്യുസിയം-03
പ്രിന്റിംഗ്-03
ഭക്ഷ്യസുരക്ഷ-03
എക്സൈസ്-03
ആർക്കിയോളജി-03
തൊഴിൽ-02
ലീഗൽ മെട്രോളജി-02
മെഡിക്കൽ എക്സാമിനേഷൻ ലബോട്ടറി-02
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ്-02
ലോ കോളജുകൾ-02
എൻസിസി-01
ലോട്ടറീസ്-01
ജയിൽ-01
തൊഴിൽ കോടതി-01
ഹാർബർ എൻജിനിയറിംഗ്-01
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്-01
ഡ്രഗ്സ് കണ്ട്രോൾ-01
പിന്നാക്കവിഭാഗ വികസനം-01
കയർ വികസനം-01