വിദ്യാസമ്പന്നരായ സ്ത്രീകളിലെ തൊഴിലില്ലായ്മ ; നികുതിയിളവ്, പ്രസവാവധി
നിര്‍ദേശങ്ങളുമായി വനിതാ കമ്മീഷന്
Thursday, November 28, 2024 2:27 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ വിവാഹം, പ്രസവം, കുറഞ്ഞ ശമ്പളം തുടങ്ങിയവയാണെന്നും തൊഴില്‍ മേഖലയിലുള്ള സ്ത്രീകളോടു സമൂഹത്തിനു തെറ്റായ മനോഭാവമാണ് ഉള്ളതെന്നും സംസ്ഥാന വനിതാ കമ്മീഷന്റെ പഠന റിപ്പോര്‍ട്ട്.
പഠനവിധേയമാക്കിയ 93 ശതമാനം സ്ത്രീകളും ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്നവരാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍, സ്ത്രീകള്‍ക്ക് അനുകൂലമായ തൊഴില്‍ സാഹചര്യവും അന്തരീക്ഷവും ഒരുക്കണമെന്നു വനിതാ കമ്മീഷന് സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിച്ചു.
ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, അമ്മമാര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ഗര്‍ഭാവസ്ഥയും ശിശു സംരക്ഷണവും മൂലം തൊഴില്‍ മേഖലയില്‍നിന്നു വിട്ടുനില്‍ക്കുന്ന സ്ത്രീകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും.
ഗര്‍ഭിണികള്‍ക്കും പ്രസവാവധി കഴിഞ്ഞു തൊഴില്‍ മേഖലയിലേക്കു തിരിച്ചെത്തുന്ന അമ്മമാര്‍ക്കും കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ‘വര്‍ക്ക് ഫ്രം ഹോം’ ക്രമീകരണം ഏര്‍പ്പെടുത്തണം.
12-26 ആഴ്ച വരെയുള്ള പ്രസവാവധി സ്വകാര്യമേഖലയിലേക്കും ഒരു നിശ്ചിത കാലയളവില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള താത്കാലിക തസ്തികകളിലേക്കും വ്യാപിപ്പിക്കണമെന്നും വനിതാ കമ്മീഷന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തൊഴില്‍രഹിതരായ 300 സ്ത്രീകളിലാണ് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ യോഗ്യത എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ച് 2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവിൽ വനിതാ കമ്മീഷന് പഠനം നടത്തിയത്.
പഠനവിധേയരാക്കിയ 47.7 ശതമാനം പേരും മുമ്പ് ഏതെങ്കിലും ജോലി ചെയ്തിരുന്നവരാണ്. വിവാഹം, പ്രസവം, കുറഞ്ഞ ശമ്പളം, കരാറിന്റെ കാലാവധി കഴിയല്‍ എന്നീ കാരണങ്ങളാല്‍ ഭൂരിഭാഗം പേരും ജോലി അവസാനിപ്പിച്ചുവെന്നാണു വനിതാ കമ്മീഷന് കണ്ടെത്തിയത്.
പ്രഫഷണല്‍ യോഗ്യതയുള്ള 63 ശതമാനം പേരും മുമ്പ് ജോലി ഉണ്ടായിരുന്നവരാണ്. 7.3 ശതമാനം പേര്‍ക്ക് മാത്രമാണു പാര്‍ട്ട് ടൈം ജോലിയോ ഇതര വരുമാന മാര്‍ഗമോ ഉള്ളത്. ജോലി ചെയ്യുന്ന സ്ത്രീകളോടുള്ള മനോഭാവം മാറ്റുന്നതിനു ബോധവത്കരണവും പ്രചാരണവും നടത്തണം.
വിവാഹപൂര്‍വ കൗണ്‍സലിംഗുകളില്‍ പ്രായമായവരുടെയും കുട്ടികളുടെയും സംരക്ഷണ ചുമതല ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ സ്ത്രീയും പുരുഷനും തുല്യമായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടുത്തണം.
പിതൃത്വ അവധി വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക, ജോലിക്കാരായ സ്ത്രീകള്‍ക്കു നികുതി ഇളവ് നല്‍കുക, പ്രായമായവരെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍തലത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വനിതാ കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്.