ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്കു ഭീഷണി; നോഡല്‍ ഓഫീസറെ നിയമിക്കണമെന്നു ഹൈക്കോടതി
Thursday, November 28, 2024 2:27 AM IST
കൊച്ചി: ജസ്റ്റീസ് കെ. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്കു ഭീഷണിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ഉടന്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നു ഹൈക്കോടതി.
ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണു നിര്‍ദേശം നല്‍കിയത്. നോഡല്‍ ഓഫീസറുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും അറിയിക്കണം.
നോഡല്‍ ഓഫീസറുടെ നിയമനം, പുതിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ എന്നിവ സംബന്ധിച്ച് എസ്ഐടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ച കോടതി ഹര്‍ജി വീണ്ടും ഡിസംബര്‍ 11ന് പരിഗണിക്കാന്‍ മാറ്റി.
നോഡല്‍ ഓഫീസര്‍ക്കു ലഭിച്ച പരാതികളെക്കുറിച്ചും അറിയിക്കണം. ഹേമ കമ്മിറ്റിയില്‍ മൊഴി നല്കിയ പലരെയും ഫോണില്‍ വിളിച്ചും സന്ദേശമയച്ചും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇക്കാര്യം ആരെയാണ് അറിയിക്കേണ്ടതെന്ന് വ്യക്തതയില്ലെന്നും ഹർജി പരിഗണക്കവേ വിമൻ ഇൻ സിനിമ കളക്ടീവിനുവേണ്ടി അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ഇക്കാര്യം പരിഗണിച്ചാണ് നോഡല്‍ ഓഫീസറെ നിയമിക്കാന്‍ നിര്‍ദേശിച്ചത്. സിനിമാമേഖലയ്ക്കുവേണ്ടി തയാറാക്കുന്ന പ്രത്യേക നിയമത്തിന്റെ കരടിന് ജനുവരിയില്‍ നടക്കുന്ന സിനിമ കോണ്‍ക്ലേവോടെ അന്തിമ രൂപമാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട 75 സംഘടനകളുമായും അഞ്ഞുറോളം വ്യക്തികളുമായും സംവിധായകന് ഷാജി കരുണിന്റെ നേതൃത്വത്തിലുള്ള സമിതി ചര്‍ച്ച നടത്തിയിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്‍ക്ലേവില്‍ രൂപം നല്കുന്ന അന്തിമ കരട് സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി.
പരാതി നല്‍കിയതിന്റെ പേരില്‍ സംഘടനയില്‍നിന്നു പുറത്താക്കുമെന്ന് ഭീഷണിയുണ്ടെന്ന് ചമയകലാകാരികള് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇന്നലെ ഹർജി പരിഗണിച്ചപ്പോള്‍ ഇതു ബെഞ്ചില്‍ എത്തിയിരുന്നില്ല. ഇന്നലെ രാവിലെയാണ് ഇതു ഫയല്‍ ചെയ്തതെന്ന് അഭിഭാഷക വിശദീകരിച്ചു. തുടര്‍ന്ന് വിഷയം പിന്നീട് പരിഗണിക്കാന്‍ മാറ്റി.