ഗവർണറുടെ നടപടി എകപക്ഷീയമെന്നു സിപിഎം
Thursday, November 28, 2024 2:27 AM IST
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വൈസ്ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചട്ടങ്ങൾ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്നു സിപിഎം.
കെടിയുവിൽ ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസ തോമസിനേയും നിയമിച്ചതു സർവകലാശാല ചട്ടങ്ങളെയും ഇതു സംബന്ധിച്ച കോടതി നിർദേശങ്ങളെയും കീഴ്വഴക്കങ്ങളെയും ലംഘിച്ചാണ്.
നേരത്തേ കെടിയുവിൽ സിസ തോമസിനെ താത്കാലിക വിസിയായി നിയമച്ചപ്പോൾത്തന്നെ കോടതി തടഞ്ഞതാണ്. അതു സംബന്ധിച്ചു വ്യക്തത ആവശ്യപ്പെട്ടു ഗവർണർ സമീപിച്ചപ്പോൾ പഴയ ഉത്തരവ് ആവർത്തിച്ച് ഉറപ്പിക്കുകയാണു ഹൈക്കോടതി ചെയ്തത്.
അതായതു കെടിയുവിൽ സർവകലാശാല നിയമപ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന പട്ടികയിൽനിന്നു മാത്രമേ ചാൻസലർക്കു നിയമിക്കാൻ അധികാരമുള്ളൂ. ഡിജിറ്റൽ സർവകലാശാലയിലും ഇതു ബാധകമാണ്.
എന്നാൽ സർക്കാർ കൊടുത്ത പട്ടിക പരിഗണിക്കാതെയാണ് ഇപ്പോൾ തന്നിഷ്ടപ്രകാരം ഗവർണർ ഇവരെ നിയമിച്ചതെന്നും സംഘപരിവാർ താത്പര്യങ്ങൾ മാത്രം ലക്ഷ്യം വച്ചു വിസിമാരെ അടിച്ചേൽപ്പിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.