കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായ യാത്രക്കാരെ ഓടിച്ചിട്ടു കടിച്ചു
Thursday, November 28, 2024 2:27 AM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായ കടിച്ച് 25 യാത്രക്കാർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലും രണ്ടും മൂന്നും പ്ലാറ്റ്ഫോമിലും ട്രെയിൻ കാത്തുനിന്ന യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കാൻ നിന്നവരെയുമാണു തെരുവുനായ ഓടിച്ചിട്ടു കടിച്ചത്. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഭീകരത സൃഷ്ടിച്ച നായയെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് തെരഞ്ഞുപോയപ്പോൾ റെയിൽവേ ക്വാർട്ടേഴ്സിനു സമീപം ഒരു നായയെ ചത്തനിലയിൽ കണ്ടെത്തി. പരസ്പരം കടികൂടി ചത്തതാണ് ഈ നായയെന്ന് പറയുന്നു. യാത്രക്കാരെ കടിച്ച നായയല്ല ഇതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കടിയേറ്റവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും. ഇതിൽ ഏഴു പേർക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മുതൽ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ തെരുവുനായ ആക്രമിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു.
വൈകുന്നേരമാണ് നായ ഭ്രാന്തമായ പരാക്രമം അഴിച്ചുവിട്ടത്. തെരുവുനാായ സ്റ്റേഷൻ പരിസരത്ത് യാത്രക്കാരെ വ്യാപകമായി കടിച്ച വിവരം കോർപറേഷനിൽ റിപ്പോർട്ട് ചെയ്തിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് റെയിൽവേ ജീവനക്കാർ ആക്ഷേപമുന്നയിച്ചു.