ഹെലി ടൂറിസം പദ്ധതി: വന്യമൃഗശല്യം രൂക്ഷമാക്കുമെന്ന്
Thursday, November 28, 2024 2:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹെലിടൂറിസം പദ്ധതിയുടെ കരടു നയം അടങ്ങിയ ഫയൽ മന്ത്രിസഭയിലെത്തി.
മലയോര മേഖലകളിലും അണക്കെട്ടു പ്രദേശങ്ങളിലും ഹെലികോപ്റ്റർ സഞ്ചാരം നടപ്പാക്കുന്നതു കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി പ്രശ്നങ്ങൾ അതീവ സങ്കീർണമാകാൻ സാധ്യതയുണ്ടെന്നു മന്ത്രിമാർ വിലയിരുത്തി.
ഇതേത്തുടർന്ന് ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്ന ഹെലി ടൂറിസം പദ്ധതി ഫയൽ കൂടുതൽ പഠനത്തിനു ശേഷം നടപ്പാക്കിയാൽ മതിയെന്ന വിലയിരുത്തലുണ്ടായി.
ആഭ്യന്തര- വിദേശ ടൂറിസ്റ്റുകളെ ഹെലികോപ്റ്റർമാർഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുന്ന പദ്ധതിയാണു ഹെലി ടൂറിസം പദ്ധതി. ഇടതു മുന്നണി ഘടകകക്ഷികളിൽനിന്നു തന്നെ എതിർപ്പുയർന്ന വിവാദ ജല വിമാന പദ്ധതിക്കു പിന്നാലെയാണു ഹെലി ടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ് രംഗത്തെത്തിയത്.
വിനോദ സഞ്ചാരികളുമായി പോകുന്ന ഹെലികോപ്റ്ററുകൾ താഴ്ന്നു പറക്കുന്നതുമൂലം ജൈവവൈവിധ്യ സന്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന സിപിഐയുടെ വാദം ബന്ധപ്പെട്ട മന്ത്രിമാർ അറിയിച്ചു.
അണക്കെട്ടുകളിലും മറ്റും ഹെലിപ്പാഡുകൾ നിർമിക്കുന്പോൾ, ഇവിടെ വെള്ളം കുടിക്കാൻ എത്തുന്ന കാട്ടാനകൾ അടക്കമുള്ളവയ്ക്ക് ഹെലികോപ്റ്ററിന്റെ ശബ്ദം അടക്കം പ്രശ്നം സൃഷ്ടിക്കുമെന്നു നേരത്തേ വനം വകുപ്പ്, മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിനാൽ കാട്ടുമൃഗങ്ങൾ വെള്ളത്തിനും മറ്റുമായി നാട്ടിലേക്ക് ഇറങ്ങുന്നതു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.
വന്യമൃഗങ്ങളുടെ ശല്യത്തെത്തുടർന്ന് ഇപ്പോൾത്തന്നെ ജനങ്ങൾ പൊറുതിമുട്ടി കഴിയുകയാണ്. മലയോര മേഖലയിൽ ഹെലികോപ്റ്റർ ടൂറിസം പദ്ധതി വരുന്നതോടെ വന്യമൃഗശല്യം അതീവ രൂക്ഷമാകാൻ ഇടയുണ്ടെന്ന വാദവും സർക്കാർ പരിഗണിക്കണമെന്നാണ് അഭിപ്രായം.
പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഹെലിപാഡുകൾ നിർമിച്ച് ഹെലി ടൂറിസം പദ്ധതി നടപ്പാക്കുന്നതു വഴി കേരളത്തിന്റെ ടൂറിസം മേഖലയ്ക്കു കൂടുതൽ സന്പത്തു കണ്ടെത്താൻ കഴിയുമെന്നാണു ടൂറിസം വകുപ്പു പറയുന്നത്.
ഇതിനായി കന്പനികളിൽനിന്നു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കും. തീരദേശത്തും മലയോര മേഖലയിലും ഒരേ സമയം ടൂറിസം പദ്ധതി നടപ്പാക്കാൻ ഇതുവഴി കഴിയുമെന്നാണു കരുതപ്പെടുന്നതെന്നാണു മന്ത്രിസഭയുടെ അജൻഡയിൽ ഇടം നേടിയ ഹെലി ടൂറിസം പദ്ധതിയിൽ പറയുന്നത്.