മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, തെളിവുണ്ട്: ജമാഅത്തെ ഇസ്ലാമി അമീര്‍
Thursday, November 28, 2024 2:27 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നു ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്നും സംഘടനയുടെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തുന്നതിന് ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ പിന്തുണച്ചിട്ടുണ്ടാകാമെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്.
വ്യക്തികളെയും മുന്നണികളെയും ജമാഅത്തെ ഇസ്ലാമി പിന്തുണച്ചിട്ടുണ്ട്. ഒരു ഘട്ടത്തിലും ആര്‍ക്കും പിന്തുണ പതിച്ചു നല്‍കിയിട്ടില്ല. അത്തരം സന്ദര്‍ഭങ്ങളിലെ ചര്‍ച്ചകളിലും ധാരണകളിലും പലപ്പോഴായി സിപിഎമ്മിനുവേണ്ടി പങ്കെടുത്തയാളാണ് പിണറായി വിജയന്.
പിന്തുണയെക്കുറിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞതിനു തെളിവുകളുണ്ട് സഭാരേഖകളും തെളിവാണ്. 1996, 2004 ലോക്സഭ തെരഞ്ഞെടുപ്പ് 2006 നിയമസഭാ തെരഞ്ഞെടുപ്പ്, 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ്, 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് എന്നിവയിലെല്ലാം ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്.
രാഷ്ട്രീയ കാരണങ്ങളാല്‍ 2019ല്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. ജമാഅത്തെ ഇസ്ലാമി ഭീകര പ്രസ്ഥാനമാകുന്നത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമാണോയെന്നു മുഖ്യമന്ത്രി വിശദീകരിക്കണം.
മത്തായി ചാക്കോയുടെ മരണത്തെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ് എം. തോമസിനുള്ള പിന്തുണ ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി പ്രഖ്യാപിച്ചത് പൊതുസമ്മേളനം വിളിച്ചാണ്. അന്നൊന്നും ഭീകരതയെക്കുറിച്ച് പറഞ്ഞില്ലെന്നും പി. മുജീബ് റഹ്മാന് പറഞ്ഞു.