പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ; ആദ്യ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്
പുനഃപരിശോധിക്കണമെന്ന് യുവതിയുടെ അച്ഛൻ
Thursday, November 28, 2024 2:27 AM IST
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ആദ്യകേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എറണാകുളം പറവൂര്‍ സ്വദേശിനിയായ യുവതിയുടെ അച്ഛൻ ആവശ്യപ്പെട്ടു.
“ആദ്യത്തെ കേസിനു പിന്നാലെ ഒത്തുതീര്‍പ്പിനു വന്ന് മോഹനവാഗ്ദാനങ്ങള്‍ നല്കി എന്റെ മകളെ മയക്കി ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചത്. പിന്നീട് അവളെ അവര്‍ക്കു കിട്ടിയശേഷം തനിസ്വഭാവം കാണിച്ചു.
മകള്‍ യുട്യൂബില്‍ ഇട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. ഇനിയും ഇതു തുടരാനാകില്ല. കൊലപാതകശ്രമമാണു രാഹുല്‍ നടത്തിയത്. ഇനി കേസുമായി മുന്നോട്ടുപോകും.
അന്ന് ഗത്യന്തരമില്ലാതെയാണു കേസ് പിന്‍വലിക്കേണ്ടിവന്നത്. മകളും ഇപ്പോള്‍ നല്കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. അന്ന് പോലീസ് റിപ്പോര്‍ട്ടും ഡോക്ടറുടെ റിപ്പോര്‍ട്ടുമൊക്കെ ശക്തമായിരുന്നു. കോടതിക്കും ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു. കൊലപാതകശ്രമമാണു നടന്നത്.
മറ്റൊരു വിവാഹം കഴിച്ച രാഹുല്‍ അതു നിയമപരമായി വേർപെടുത്തിയിട്ടില്ല. ഇതിനുപുറമേ എന്റെ മകളെ അവന് ക്രൂരമായി മര്‍ദിച്ചു. ഇനിയൊരിക്കലും അവനോടൊപ്പം ജീവിക്കാന്‍ അവള് തയാറല്ല’’ - യുവതിയുടെ അച്ഛൻ പറഞ്ഞു.
രോഗിയാണെന്ന പരിഗണന പോലും നല്‍കിയില്ല
രാഹുലിന്റെ പെരുമാറ്റം ശവത്തില്‍ കുത്തുംപോലെയായിരുന്നു. ആംബുലന്‍സില്‍ സ്ട്രെച്ചറില്‍ കിടക്കുമ്പോള്‍ രോഗിയാണെന്ന പരിഗണന പോലും നല്‍കാതെയാണു മകളെ ക്രൂരമായി മര്‍ദിച്ചത്. ആദ്യം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയാറായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു.
“കഴിഞ്ഞ മാസം കോടതി ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ അനുവദിച്ചു. കോടതിയുടെ അനുമതിയായതിനാല്‍ ഞാന്‍ വേറൊന്നിനും പോയില്ല. കോഴിക്കോട് അവര്‍ ഒരുമിച്ചു ജീവിക്കുന്നുവെന്നാണ് ധരിച്ചിരുന്നത്. മകള്‍ ഇവിടെനിന്നു പോയതിനുശേഷം അവളെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. കാരണം അവളുടെ ഫോണ്‍ അവന്റെ കൈയിലായിരുന്നു.
മോള്‍ക്ക് വീട്ടിലേക്ക് ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല, തിരിച്ച് ഞങ്ങള്‍ക്കും. തിങ്കളാഴ്ച രാത്രി കോഴിക്കോട് പോലീസ് സ്റ്റേഷനില്‍നിന്ന് എന്നെ വിളിച്ചു. മര്‍ദനമേറ്റ് മകള്‍ മെഡിക്കല്‍ കോളജിലുണ്ട്. എത്രയും വേഗം വരണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടെനിന്ന് വണ്ടിയെടുത്ത് ഞാനും ഭാര്യയും കൂടി ഒമ്പതരയോടെ കോഴിക്കോടേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ ഒന്നരയോടെ അവിടെയെത്തി. മകളുടെ കണ്ണിലും ചുണ്ടിലും മുറിവു കണ്ടു. തലയ്ക്കും ഇടിച്ചെന്ന് പറഞ്ഞു.
ആ സമയം രാഹുല്‍ അവിടെ ഉണ്ടായിരുന്നില്ല. ഡോക്ടര്‍ സ്കാന്‍ ചെയ്യാനും മറ്റും എഴുതിക്കൊടുത്തിരുന്നു. ഇതൊന്നും രാഹുലിന്റെ അമ്മ ചെയ്തിരുന്നില്ല. ഇതൊക്കെ ചെയ്യേണ്ടതാണ്, ഒന്നും ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
മകള്‍ ആകെ അവശയായാണ് ആശുപത്രിയിൽ കിടന്നത്. ആ കാഴ്ച എനിക്കും ഭാര്യയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പോലീസ് സംരക്ഷണയില്‍ മകളുടെ സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും രാഹുലിന്റെ വീട്ടില്‍ പോയി എടുത്ത് മകളെയും കൂട്ടി തിരികെ പറവൂരിലേക്ക് പോന്നു.’’ യുവതിയുടെ അച്ഛൻ പറഞ്ഞു.
വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് അഭിഭാഷകന്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ രാഹുലിന്റെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് അഡ്വ. ഷമീം പക്സാന്. വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ നിയമപ്രശ്നങ്ങള്‍ ഇല്ലെങ്കിലും തന്റെ ധാര്‍മികത അനുവദിക്കുന്നില്ലെന്ന് അഭിഭാഷകന് പറഞ്ഞു.
പന്തീരാങ്കാവ് പീഡനക്കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു ഷമീം പക്സാന്. വക്കാലത്ത് ഏറ്റെടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.
വക്കാലത്ത് ഏറ്റെടുക്കണം എന്ന ആവശ്യവുമായി രാഹുലിന്റെ കുടുംബം വീണ്ടും സമീപിച്ചിരുന്നു. തെറ്റ് തിരുത്തി ജീവിക്കാനുള്ള അവസരം ഹൈക്കോടതി നല്‍കിയെങ്കിലും രാഹുല്‍ നഷ്ടപ്പെടുത്തിയെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.