വന്യജീവി ആക്രമണം തടയാൻ അന്തർസംസ്ഥാന പദ്ധതി
Tuesday, August 13, 2024 2:22 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ അന്തർസംസ്ഥാന പദ്ധതികൾ തയാറാക്കാൻ ബംഗളൂരുവിൽ നടന്ന മനുഷ്യ-ആന സംഘർഷ പരിപാലനം സംബന്ധിച്ച യോഗത്തിൽ മന്ത്രിതല തീരുമാനം. വന്യജീവി ആക്രമണം തടയാനുള്ള കേരളത്തിന്റെ ആക്ഷൻ പ്ലാൻ സമ്മേളനത്തിൽ അവതരിപ്പിച്ചതായി സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
വന്യജീവി ആക്രമണം തടയാനുള്ള പദ്ധതികൾ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനംവകുപ്പുകൾ സംയുക്തമായി തയാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ ദേദഗതിയും ആവശ്യപ്പെട്ടു.
വന്യജീവി സങ്കേതങ്ങളിലെ മഞ്ഞക്കൊന്ന ഉൾപ്പെടെയുള്ള വൈദേശിക സസ്യങ്ങൾ നീക്കം ചെയ്യുന്നതിന് വാണിജ്യാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പിലാക്കുകയും അതിൽനിന്നു ലഭിക്കുന്ന വരുമാനം ആവാസ വ്യവസ്ഥ ശക്തപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ കേന്ദ്രാനുമതി തേടുകയും ചെയ്യും.
പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ള ആനകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക അന്തർസംസ്ഥാന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. അതീവപ്രശ്നക്കാരായ ആനകളെ പിടികൂടേണ്ടിവരുന്പോൾ അവലംബിക്കുന്നതിനായി ഒരു സ്റ്റാൻഡാർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ തയാറാക്കും.
മൂന്നു മാസം കൂടുന്പോൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരുടെയും ആറ് മാസത്തിലൊരിക്കൽ സംസ്ഥാന മേധാവികളുടെയും അന്തർസംസ്ഥാന അവലോകന യോഗം ചേരുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
ബംഗളൂരുവിൽ നടന്ന സമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, കർണാടക വനം മന്ത്രി ഈശ്വർ ഖൊൻഡ്രെ, തമിഴ്നാട് വനംമന്ത്രി ഡോ. മതിവേന്തൻ, തെലുങ്കാന വനം മന്ത്രി കൊണ്ട സുരേഖ തുടങ്ങിയവർ പങ്കെടുത്തു.