കേരളത്തിന്റെ മെമ്മോറാണ്ടം 10 ദിവസത്തിനകം
കെ. ഇന്ദ്രജിത്ത്
Monday, August 12, 2024 5:00 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടു നാശനഷ്ടങ്ങളുടെ വിശദ കണക്കുകളും പ്രത്യേക വില്ലേജ് മാതൃകയിലുള്ള പുനരധിവാസ പദ്ധതിയും ഉൾപ്പെടുത്തി കേരളം തയാറാക്കുന്ന മെമ്മോറാണ്ടം 10 ദിവസത്തിനകം കേന്ദ്രത്തിനു കൈമാറും. നാശനഷ്ടങ്ങളുടെ വിശദ കണക്കുകളും മറ്റും അടങ്ങുന്ന വിശദ മെമ്മോറാണ്ടം വേഗത്തിൽ തയാറാക്കി സമർപ്പിക്കാൻ തദ്ദേശ സ്ഥാപന- റവന്യു വകുപ്പുകളെ ചുമതലപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ടു സന്ദർശിച്ച ശേഷം വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കേരളത്തോടു നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാശനഷ്ടങ്ങളുടെ വിശദ കണക്കുകളും പുനരധിവാസ പാക്കേജിലെ വിവരങ്ങളും ഉൾപ്പെടുത്തി മെമ്മോറാണ്ടം തയാറാക്കാനുള്ള നടപടി വേഗത്തിലാക്കിയത്.
വയനാട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റവന്യു- തദ്ദേശ സ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ തയാറാക്കുന്ന റിപ്പോർട്ടുകൾ സംസ്ഥാന തലത്തിൽ വിവിധ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. തുടർന്ന് മന്ത്രിസഭയുടെകൂടി അനുമതിയോടെ കേന്ദ്രത്തിനു കൈമാറും. ദേശീയ ദുരന്തമായോ അതിതീവ്ര ദുരന്തമായോ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനു മുൻപു കേന്ദ്ര സംഘം കൂടി വയനാട്ടിലെത്തി വിലയിരുത്തിയ സാഹചര്യത്തിൽ പുനരധിവാസ പാക്കേജ് അനുവദിക്കാൻ കൂടുതൽ ചുവപ്പുനാടയുടെ കുരുക്കുണ്ടാകില്ലെന്നാണു സംസ്ഥാനത്തിന്റെ വിലയിരുത്തൽ.
ഇല്ലെങ്കിൽ സംസ്ഥാനം നൽകുന്ന മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സംഘം ദുരന്തബാധിത മേഖലകൾ സന്ദർശിച്ചാകും നഷ്ടപരിഹാരം അനുവദിക്കുക. ഓരോന്നിനും കേന്ദ്രം നിശ്ചയിച്ച നിരക്കിലാകും അനുവദിക്കുക.
പ്രധാനമന്ത്രി നേരിട്ടു സന്ദർശിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ കുരുക്കുണ്ടാകില്ലെന്നാണു കരുതുന്നത്. വയനാട് ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ 350 ഏക്കറിലുണ്ടായ കൃഷിനാശത്തിൽ പ്രധാനമായി തേയില. കുരുമുളക് തുടങ്ങിയ തോട്ടവിളകളാണ് നശിച്ചത്. ഇതിനു സാധാരണ കാർഷിക വിളകളേക്കാൾ നഷ്ടപരിഹാരം ആവശ്യമായി വരും.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങളെന്നുമായിരുന്നു കഴിഞ്ഞ ദിവസമെത്തിയ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇതിനെ നേരിടാൻ മതിയായ സജ്ജീകരണങ്ങൾ കേരളത്തിനു വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്റിയോരോളജിക്കൽ ഡിപ്പാർട്മെന്റ്, നാഷണൽ സിസ്മിക് സെന്റർ, നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ പ്രത്യേക സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന ആവശ്യവും വിശദ മെമ്മോറാണ്ടത്തിൽ കേരളം ഉൾപ്പെടുത്തും. നിലവിലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതും പ്രധാന ആവശ്യമാണ്.