കായകൽപ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചു
Sunday, August 11, 2024 11:58 PM IST
തിരുവനന്തപുരം: 2023-24 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി സർക്കാർ ആവിഷ്കരിച്ച അവാർഡാണ് കായകൽപ്പ്. ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ, നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലെ മികച്ച ആശുപത്രികൾക്കാണ് അവാർഡ് നൽകുന്നത്.
ജില്ലാതല ആശുപത്രികളിൽ മലപ്പുറം പൊന്നാനി ഡബ്ല്യൂ ആൻഡ് സി ആശുപത്രി ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാർഡ് നേടി. 20 ലക്ഷം രൂപയുടെ രണ്ടാം സ്ഥാനം നിലന്പൂർ ജില്ലാ ആശുപത്രിക്കാണ്. ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികൾക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. ജില്ലാ ആശുപത്രി ആലുവ, ജനറൽ ആശുപത്രി കാസർഗോഡ്, ജനറൽ ആശുപത്രി നെയ്യാറ്റിൻകര, ഡബ്ല്യൂ ആൻഡ് സി ആശുപത്രി ആലപ്പുഴ, ജനറൽ ആശുപത്രി തൃശൂർ, ജില്ലാ ആശുപത്രി വടകര, ജില്ലാ ആശുപത്രി പാലക്കാട്, ജനറൽ ആശുപത്രി പാലാ, ജില്ലാ ആശുപത്രി മാവേലിക്കര, ഡബ്ല്യൂ ആൻഡ് സി ആശുപത്രി മങ്ങാട്ടുപ്പറന്പ, ഡബ്ല്യൂ ആൻഡ് സി ആശുപത്രി കൊല്ലം, ജനറൽ ആശുപത്രി കാഞ്ഞിരപ്പള്ളി, ജനറൽ ആശുപത്രി അടൂർ എന്നിവയാണവ.
സബ് ജില്ലാ തലത്തിൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ചാവക്കാട് 15 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനവും താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി തിരൂരങ്ങാടി രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപയും നേടി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനമായ മൂന്നു ലക്ഷം രൂപ സിഎച്ച്സി വലപ്പാട് നേടി.