കടബാധ്യത: നെൽകർഷകൻ ജീവനൊടുക്കി
Friday, August 9, 2024 2:21 AM IST
നെന്മാറ: കടബാധ്യതയില്‍ മനംനൊന്ത് നെല്കര്ഷകന് ജീവനൊടുക്കി. നെന്മാറ കയ്പഞ്ചേരി ഇടിയംപൊറ്റ സോമനെ(61)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം.
കടബാധ്യത മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പ് വീട്ടില്നിന്നുകണ്ടെത്തി. സ്വന്തമായുള്ള ഒരേക്കറിലും പാട്ടത്തിനെടുത്ത മൂന്നേക്കറിലുമാണ് വര്‍ഷങ്ങളായി സോമന് നെല്‍കൃഷി ചെയ്തുവരുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി കൃത്യമായി വെള്ളം ലഭിക്കാതെ വന്നതോടെ നെല്‍കൃഷി ഉണങ്ങി നശിച്ചിരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയിൽ രണ്ടു ദിവസം നെല്‍പ്പാടം പൂര്‍ണമായും വെള്ളത്തിൽ മുങ്ങിയതോടെ നെല്‍കൃഷി വൻ നഷ്ടമാകുന്ന സ്ഥിതിയായി.
സഹകരണ ബാങ്കില്‍നിന്നും രണ്ടു ദേശസാല്‍കൃത ബാങ്കുകളിൽനിന്നുമായി 9.25 ലക്ഷം രൂപയുടെ വായ്പയാണ് സോമന് എടുത്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷത്തെ നെല്‍കൃഷി പൂര്‍ണമായും നഷ്ടത്തിലായതോടെ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇത്തവണ സുഹൃത്തുക്കളില്‍നിന്നും മറ്റും കടം വാങ്ങിയാണ് ഒന്നാംവിള നെല്‍കൃഷി ഇറക്കിയത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നു കുറിപ്പില്‍ പറയുന്നു.
കൃഷിയില്‍നിന്നുള്ള വരുമാനം ഇല്ലാതായതും വീടിനോടു ചേര്‍ന്നുള്ള റൈസ് മില്ലില്‍നിന്നുള്ള വരുമാനം കുറഞ്ഞതും മൂലം സോമനെ സാമ്പത്തികബാധ്യത അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകിട്ടോടെ തിരുവഴിയാട് പുഴപ്പാലം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: മഞ്ജു. മക്കള്‍: സൂര്യന്, വീണ.