സണ്‍റൈസ് വാലിയില്‍ പരിശോധന തുടരും
Wednesday, August 7, 2024 2:52 AM IST
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മണ്ണിനടിയിലായ സ്ഥലങ്ങളിലും സൂചിപ്പാറ സണ്‍റൈസ് വാലി മേഖലയിലും ഇന്നലെ നടന്ന പരിശോധനയിൽ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ ലഭിച്ചില്ല. എന്നാല്‍, ചാലിയാറിലെ മുണ്ടേരി കുമ്പളപ്പാറ പ്രദേശത്തുനിന്നു രണ്ടു ശരീരഭാഗങ്ങള്‍ ലഭിച്ചു.
നേരത്തേ സണ്‍റൈസ് വാലി പ്രദേശത്ത് പരിശോധന നടന്നിരുന്നില്ല. ഇവിടെ തെരച്ചിലിനു നിയോഗിച്ച സൈനികരടങ്ങുന്ന സംഘത്തെ വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് എത്തിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ എട്ടാം ദിനമായ ഇന്നലെ സൂചിപ്പാറ മുതല്‍ പോത്തുകല്ലുവരെ ചാലിയാറിന്റെ കരകളിലും തെരച്ചില്‍ നടന്നു.
ദുരന്തഭൂമിയില്‍ തിങ്കളാഴ്ച നടന്ന തെരച്ചിലില്‍ ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. വയനാട്ടില്‍ അഞ്ചും നിലമ്പൂരില്‍ ഒന്നും മൃതദേഹങ്ങളാണു ലഭിച്ചത്. സണ്‍റൈസ് വാലിയിലെ പരിശോധന ഇന്നും തുടരുമെന്ന് റവന്യു മന്ത്രി കെ. രാജന് അറിയിച്ചു.
ദുരന്തത്തില്‍ 406 പേര് മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കനുസരിച്ച് 226 ആണ് മരണസംഖ്യ. 152 പേരെ ഇനി കണ്ടെത്താനുണ്ട്. 22 ശരീരഭാഗങ്ങള്‍കൂടി മേപ്പാടി പുത്തുമലയില്‍ സര്‍വമത പ്രാര്‍ഥനയ്ക്കുശേഷം സംസ്കരിച്ചു.
ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്ത 39 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സംസ്കരിച്ചിരുന്നു. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവുചെയ്യുന്നതിനു ഹാരിസണ്‍ പ്ലാന്റേഷന്റെ 50 സെന്റ് സ്ഥലംകൂടി ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍ ഏറ്റെടുക്കും.
മൃതശരീരങ്ങള്‍ തിരിച്ചറിയുന്നതിനു ശാസ്ത്രീയ പരിശോധന തുടരുകയാണ്. 88 സാന്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു രക്ഷപ്പെടുത്തിയവരെയും മാറ്റിയവരെയും 16 ക്യാമ്പുകളിലാണു പാര്‍പ്പിച്ചിരിക്കുന്നത്. 648 കുടുംബങ്ങളിലെ 2,225 പേരാണു ക്യാമ്പുകളിലുള്ളത്. ഇവരിൽ 847 പുരുഷന്മാരും 845 സ്ത്രീകളും 533 കുട്ടികളുമുണ്ട്.
ദുരന്തബാധിതരുടെ പുനരധിവാസത്തിനു നടപടികള്‍ പുരോഗതിയിലാണെന്നു റവന്യു മന്ത്രി കെ. രാജന് പറഞ്ഞു. പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതില്‍ ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ ദുരന്തബാധിതരുടെ താമസത്തിനു വിട്ടുകൊടുക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്സുകളുടെ എണ്ണമെടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.