ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 354; 206 പേരെ കാണാനില്ല
Sunday, August 4, 2024 2:12 AM IST
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കൊടിയ ദുരന്തം വിതച്ച ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 354 ആയി.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു നാല് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 30 കുട്ടികളടക്കം 206 പേരെയാണ് കണ്ടെത്താനുള്ളത്.
217 മൃതദേഹങ്ങളും 143 ശരീരഭാഗങ്ങളുമാണ് ഇതുവരെ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. 62 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും ജില്ലാ ഭരണകൂടത്തിനു കൈമാറി. ദുരന്തപ്രദേശങ്ങളില്‍നിന്ന് ആശുപത്രികളില്‍ എത്തിച്ച 518 പേരില്‍ 89 പേര് ചികിത്സയിലാണ്.
218 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 98 പുരുഷന്മാരും 90 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടും. 143 ആണ് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ എണ്ണം.
ദുരന്തത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടന്നത്. 11 സേനാവിഭാഗങ്ങളിലേതടക്കം 1,264 പേര് പങ്കാളികളായി. ഹ്യൂമന്‍ റസ്ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടന്നു.
പ്രകൃതിദുരന്ത മേഖലയില്‍നിന്നു മാറ്റിയവരെ 17 ക്യാമ്പുകളിലാണ് താമസിപ്പിക്കുന്നത്. 701 കുടുംബങ്ങളിലെ 2,551 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 943 പുരുഷന്മാരും 981 സ്ത്രീകളും 627 കുട്ടികളും ഉള്‍പ്പെടും.