ഇടുക്കിയിലെ ഭൂപ്രശ്നം: കരടു ചട്ടത്തിന് ജോയിന്റ് കമ്മീഷണറെ നിയമിച്ചു
സ്വന്തം ലേഖകൻ
Monday, May 6, 2024 5:55 AM IST
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നത്തിനു പരിഹാരം കാണാൻ നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബില്ലിന് കരട് ചട്ടങ്ങൾ രൂപീകരിക്കുന്നതിനായി റവന്യു ജോയിന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി. റവന്യു കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നിയമ ഓഫീസർ അടക്കമുള്ളവരാണ് ബില്ലിന്റെ കരടു ചട്ടം തയാറാക്കുക.
2019ലെ ഭൂപതിവു ഭേദഗതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൃഷിക്കും താമസത്തിനുമായി പട്ടയം നൽകിയ ഭൂമി, ഇതര ആവശ്യങ്ങൾക്കായി വിനിയോഗിച്ചതു ക്രമപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളാകും കരടു ചട്ടത്തിൽ വ്യക്തമാക്കുക.
15 സെന്റ് വരെയുള്ള ഭൂമിയാ കും ഇതര ആവശ്യങ്ങൾക്കായി ക്രമപ്പെടുത്താനാകുക.
1,500 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങളും ക്രമപ്പെടുത്തുന്ന വിധത്തിലുള്ള വ്യവസ്ഥകളാകും കരടു ചട്ടത്തിൽ ഉൾപ്പെടുത്തുക. ഗവർണർ ഒപ്പിട്ടുവിട്ട ബിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിക്കു വിട്ടു. കമ്മീഷന്റെ അനുമതി ലഭിച്ച ശേഷമാകും ഔദ്യോഗികമായി സമിതി പ്രഖ്യാപിക്കുക.
സമിതി നൽകുന്ന കരടു ചട്ട ഭേദഗതി സർക്കാർ പരിശോധിച്ച് സിപിഐയിലും എൽഡിഎഫിലും ചർച്ച ചെയ്തശേഷമാകും ഏതൊക്കെ ഭേദഗതി ആവശ്യമാണെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പിന്നീട് നിയമ- റവന്യു വകുപ്പുകൾ പരിശോധിച്ച ശേഷം അനുമതിക്കായി മന്ത്രിസഭയുടെ മുന്നിലെത്തും. തുടർന്നാകും ഭേദഗതി നടപ്പിൽ വരിക.
ഭൂപതിവ് നിയമ ഭേദഗതി കഴിഞ്ഞ സെപ്റ്റംബറിലാണ് നിയമസഭ പാസാക്കിയത്. ഇടുക്കിയിലെ കർഷകർക്ക് അടക്കം ഏറെ പ്രയോജനം ചെയ്യുന്നതാണ് ഭേദഗതി. 1960ലെ ഭൂപതിവു ചട്ടം അനുസരിച്ച് കൃഷിക്കും താമസത്തിനുമായാണ് ഭൂമി പതിച്ചു നൽകിയത്.
എന്നാൽ, ഇത് മറ്റ് ജീവിതാവശ്യത്തിനുകൂടി വിനിയോഗിച്ചവർക്ക് ഭൂമി ക്രമപ്പെടുത്താൻ അനുമതി നൽകിയിരുന്നില്ല. പുതിയ നിയമം നിലവിൽ വരുന്നതോടെ മറ്റാവശ്യങ്ങൾക്കു വിനിയോഗിച്ച ഭൂമിയും ക്രമപ്പെടുത്താനാകും.