ഉഷാറാകാൻ കോൺഗ്രസ്
Wednesday, October 4, 2023 1:37 AM IST
സാബു ജോണ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കുള്ള രൂപരേഖയ്ക്ക് അന്തിമരൂപം നൽകുന്നതിനായുള്ള കോണ്ഗ്രസ് സംഘടനാ യോഗങ്ങൾ ഇന്നും നാളെയുമായി നടക്കും.
ഇന്നു നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ നാളെത്തെ വിശാല കെപിസിസി എക്സിക്യൂട്ടീവിൽ അംഗീകരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് സമയക്രമം നിശ്ചയിച്ചുള്ള പ്രവർത്തനരേഖയ്ക്ക് രൂപം നൽകും.
ഇതിനു പുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള പ്രക്ഷോഭ പരിപാടികൾക്കും യോഗം രൂപം നൽകും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രമാണിച്ചു താത്കാലികമായി നിർത്തി വച്ച സമരപരിപാടികളാണു പുനരാരംഭിക്കുന്നത്. സഹകരണ വെട്ടിപ്പ്, എഐ കാമറ അഴിമതി, മുഖ്യമന്ത്രിയുടെ മകൾക്കെതിരായി ഉയർന്നുവന്ന സാന്പത്തികാരോപണങ്ങൾ തുടങ്ങി എല്ലാ വിഷയങ്ങളും ശക്തമായി ഉയർത്തി പ്രക്ഷോഭം കടുപ്പിക്കാനാണ് കോണ്ഗ്രസ് ഒരുങ്ങുന്നത്.
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന സമര, പ്രചാരണ പരിപാടികൾക്കു രൂപം നൽകും. ഒപ്പം സഹകരണമേഖലയിൽ കടന്നുകയറാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെയും തുറന്നെതിർക്കും. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ സിപിഎമ്മിനെതിരേ കോണ്ഗ്രസും ബിജെപിയും കൈകോർക്കുന്നു എന്ന സിപിഎം പ്രചാരണത്തിനു തടയിടാൻകൂടിയാണിത്. സോളാർ കേസിൽ തുടർന്നു സ്വീകരിക്കേണ്ട നിലപാടും രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യും.
എംപിമാർക്കും ക്ഷണം
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രധാന ചർച്ചാവിഷയമാകുന്ന പശ്ചാത്തലത്തിൽ എംപിമാരെയും രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഒട്ടുമിക്ക എംപിമാരും വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അവർക്ക് ഉടൻതന്നെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കാനാകും. മണ്ഡലങ്ങളിലെ വിജയസാധ്യത സംബന്ധിച്ച് ഹൈക്കമാൻഡ് നടത്തിയ സർവേയിലെ കണ്ടെത്തലുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഓരോ മണ്ഡലത്തിലെയും നീക്കങ്ങൾ.
തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ മണ്ഡലം പുനഃസംഘടന ഉടനടി പൂർത്തിയാക്കേണ്ടതുണ്ട്. മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തിൽ തങ്ങൾ നിർദേശിക്കുന്നവരെക്കൂടി ഉൾപ്പെടുത്തണമെന്ന് എംപിമാർ ആവശ്യപ്പെട്ടതോടെയാണ് പുനഃസംഘടനാ പ്രവർത്തനങ്ങൾ തടസപ്പെട്ടത്. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ മണ്ഡലം പ്രസിഡന്റുമാരെയും നിയമിക്കാൻ സാധിക്കുമെന്നാണു കരുതപ്പെടുന്നത്. ഇതിനു പിന്നാലെ ബൂത്ത് തല പുനഃസംഘടനയും പൂർത്തിയാക്കും.
ഒഴിവുകൾ നികത്തും?
രാഷ്ട്രീയകാര്യ സമിതിയിലും കെപിസിസിയിലുമുള്ള ഒഴിവുകൾ നികത്തുന്നതിനേക്കുറിച്ചും ആലോചനകളുണ്ട്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസിന്റെ ഒഴിവ് ഉൾപ്പെടെ നികത്താനുണ്ട്. രാഷ്ട്രീയകാര്യ സമിതിയിലും പി.ടി. തോമസ്, ഉമ്മൻ ചാണ്ടി, കോണ്ഗ്രസ് വിട്ടു പോയ പി.സി. ചാക്കോ തുടങ്ങിയവരുടേതുൾപ്പെടെയുള്ള ഒഴിവുകളുണ്ട്. ഇതു നികത്തേണ്ടത് ഹൈക്കമാൻഡ് ആണ്.
കോണ്ഗ്രസ് സംസ്ഥാന ഘടകത്തെ നിയന്ത്രിക്കുന്നതിനായി ഹൈക്കമാൻഡ് രാഷ്ട്രീയകാര്യ സമിതിക്കു രൂപം നൽകിയതിനു സമാനമായി ജില്ലാതലത്തിൽ ഉന്നതാധികാര സമിതി രൂപീകരിക്കുന്നതിനേക്കുറിച്ചും ആലോചനകളുണ്ട്. ജില്ലകളിലെ പ്രമുഖ നേതാക്കളും കെപിസിസി ഭാരവാഹികളും ഇതിൽ ഉൾപ്പെടുന്ന തരത്തിലാണ് ഉദ്ദേശിക്കുന്നത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവർ, കേരളത്തിൽനിന്നുള്ള വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും യോഗങ്ങളിൽ പങ്കെടുക്കും.