ബെവ്കോ ഔട്ട്ലെറ്റുകളില് വ്യാപക ക്രമക്കേട്
റിച്ചാര്‍ഡ് ജോസഫ്
Monday, October 2, 2023 5:06 AM IST
തിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോര്‍പറേഷനു കീഴിലുള്ള ബെവ്കോ ഔട്ട്ലെറ്റുകളില് ഇന്നലെ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. മദ്യം വാങ്ങാന്‍ എത്തുന്നവരില്‍നിന്നും യഥാര്‍ഥ വിലയേക്കാള്‍ കൂടുതല്‍ തുക ചില ജീവനക്കാര്‍ ഈടാക്കുന്നതായും ചില ഔട്ട്ലെറ്റുകളില് ബിൽ നല്‍കാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കള്‍ക്ക് മദ്യം വില്‍ക്കുന്നതായും കണ്ടെത്തി. കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേല്‍പ്പിക്കുന്നതായും വിവരം ലഭിച്ചു.
മദ്യകമ്പനികളുടെ ഏജന്റുമാരില്‍നിന്നും ചില ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കമ്മീഷന് കൈപ്പറ്റുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും വിലവിവരവും ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പല ഔട്ട്ലെറ്റുകളിലും ഇതു പാലിക്കാറില്ല. പൊട്ടാത്ത മദ്യക്കുപ്പികള്‍ ചില ഔട്ട്ലെറ്റുകളില് പൊട്ടിയ ഇനത്തില്‍ തെറ്റായി കാണിച്ച് ബില്ല് നല്‍കാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥര്‍ പണം വീതിച്ചെടുക്കുന്നതായും കണ്ടെത്തി. മദ്യക്കുപ്പി പൊതിഞ്ഞ് നല്‍കുന്നതിനുള്ള കടലാസ് വാങ്ങാതെ പല ഉദ്യോഗസ്ഥരും വാങ്ങിയതായി കാണിച്ചും തട്ടിപ്പു നടത്തുന്നുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷം ഓരോ ഔട്ട്ലെറ്റുകളില്‍നിന്നും വിറ്റഴിച്ച മദ്യത്തിന്റെ ബ്രാന്‍ഡ് പരിശോധിച്ചതില്‍ കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളിലെ ചില ഔട്ട്ലെറ്റുകള് വഴി ചില കമ്പനികളുടെ മദ്യം മാത്രം കൂടുതല്‍ വിറ്റഴിച്ചു. തങ്ങളുടെ മദ്യം വില്ക്കുന്നതിനു ബെവ്കോ ഉദ്യോഗസ്ഥരെ മദ്യകമ്പനികളുടെ ഏജന്റുമാര്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ പല ഔട്ട്ലെറ്റുകളിലും സ്റ്റോക്കുകളില്‍ മദ്യം കുറവുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പല ജില്ലകളിലും മദ്യത്തിന്റെ സ്റ്റോക്ക് വിവരം പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിച്ചിട്ടില്ല. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെപ്പറ്റി വരുംദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നു വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാര്‍ ഐപിഎസ് അറിയിച്ചു.
പത്രക്കടലാസിലും തട്ടിപ്പ്
ഇടുക്കി ജില്ലയിലെ ഒരു ബെവ്കോ ഔട്ട്ലെറ്റില് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മദ്യം പൊതിഞ്ഞു നല്കാന് വാങ്ങിയത് 23,032 രൂപയുടെ ന്യൂസ് പേപ്പര്‍! എന്നാല്‍ ഇവിടെ കാലങ്ങളായി മദ്യം പൊതിഞ്ഞു നല്‍കാറില്ലെന്നു വിജിലന്‍സ് കണ്ടെത്തി. ഉപഭോക്താക്കള്‍ക്ക് മദ്യം പൊതിയാതെ നല്‍കുന്നതായി വിജിലന്‍സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ന്യൂസ് പേപ്പര്‍ വാങ്ങിയതായി ബില്ലുണ്ടാക്കുകയും പേപ്പര്‍ വാങ്ങാതെ പണം തട്ടുകയുമാണ് ബെവ്കോയിലെ മാനേജര്‍മാര്‍ ചെയ്യുന്നതെന്നാണ് കണ്ടെത്തൽ.
70ലും ക്രമക്കേട്
വിജിലന്‍സ് പരിശോധന നടത്തിയ 78 ഔട്ട്ലെറ്റുകളില് 70 ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി. മദ്യം വിറ്റ തുകയും കൗണ്ടറില്‍ കാണപ്പെട്ട തുകയും തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമായും കണ്ടെത്തിയത്. ഇപ്രകാരം വ്യത്യാസം കണ്ട ഭൂരിപക്ഷം ഔട്ട്ലെറ്റുകളിലും കൗണ്ടറില്‍ കാണേണ്ട യഥാര്‍ഥ തുകയേക്കാള്‍ കുറവാണ് ഉണ്ടായിരുന്നത്.
ചില ഔട്ട് ലെറ്റുകളില്‍ അധികമായും തുക കണ്ടെത്തി. ഇപ്രകാരം കാഷ് കൗണ്ടറില്‍ തുക കുറയാനുള്ള സാഹചര്യം വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനയ്ക്ക് വിജിലന്‍സ് വിധേയമാക്കും.
തിരുവനന്തപുരം ജില്ലയിലെ 11ഉം എറണാകുളം ജില്ലയിലെ 10ഉം കോഴിക്കോട് ആറും കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ അഞ്ച് വീതവും തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോര്‍ഡ് എന്നീ ജില്ലകളിലെ നാലു വീതവും ഉള്‍പ്പെടെ ആകെ 78 ബെബ്കോ ഔട്ട്ലെറ്റുകളിലാണ് കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്തിയത്.
സ്വകാര്യ ജീവനക്കാരും!
കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ചില ഷോപ്പ് മാനേജര്‍മാര്‍ ബിവറേജ് കോര്‍പറേഷന്റെ അനുമതിയില്ലാതെ ദിവസവേതനത്തില്‍ ജോലിക്കാരെ നിയമിച്ചിരിക്കുന്നതായും കണ്ടെത്തി. എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ രണ്ടുപേര്‍ വീതവും കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഓരോ ആള് വീതവും ഇപ്രകാരം ജോലി നോക്കുന്നത് വിജിലന്‍സ് പിടികൂടി.
കണ്ണൂര്‍ ജില്ലയിലെ താഴെചൊവ്വ, താണ എന്നീ ബെവ്കോ ഔട്ട്ലെറ്റുകളില് കഴിഞ്ഞ ഒരു വര്‍ഷമായി എക്സൈസ് പരിശോധനനടത്തിയിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി.
പൊട്ടിച്ചും പറ്റിച്ചു!
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ഔട്ട്ലെറ്റില് മാത്രം പൊട്ടിയത് 885 ബോട്ടിലുകള്‍. ഇത്തരത്തില്‍ പൊട്ടിയതായി കാണിച്ച് കൂട്ടിയിട്ടിരിക്കുന്നതാകട്ടെ പ്ലാസ്റ്റിക് കുപ്പികളും. കുപ്പി പൊട്ടിയെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയ ഔട്ട് ലെറ്റിലെ കുപ്പികള്‍ വിജിലന്‍സ് സംഘം പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.
ചില ഔട്ട്ലെറ്റുകളില് മാത്രം ക്രമാതീതമായി മദ്യക്കുപ്പികള്‍ പൊട്ടിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ നിഗമനം. പൊട്ടിയ ഇനത്തില്‍ മാറ്റിയ മദ്യത്തിന്റെ അളവ് പരിശോധിച്ചതില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഔട്ട്ലെറ്റിൽ 885 ബോട്ടിലുകള്‍ പൊട്ടിയതായാണു കണ്ടെത്തിയത്. പാലക്കാട് ജില്ലയിലെ കൊളപ്പുള്ളി ഔട്ട്ലെറ്റില് 3,93,000 രൂപയുടെ മദ്യവും കോഴിക്കോട് ജില്ലയിലെ കാര്‍ക്കംകുളം ഔട്ട്ലെറ്റില് 3,75,100 രൂപയുടെ മദ്യവും, ആലപ്പുഴ അന്ധകാരനാഴി ഔട്ട്ലെറ്റില് 2,87,000 രൂപയുടെ മദ്യവും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മദ്യക്കുപ്പി പൊട്ടിയ ഇനത്തില്‍ ക്രമക്കേട് നടത്തിയതായും വിജിലന്‍സ് കണ്ടെത്തി.