വീണ്ടും നിപ ; കോഴിക്കോട്ട് അതീവ ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ
Wednesday, September 13, 2023 4:20 AM IST
കോഴിക്കോട്: ആശങ്കയ്ക്കൊടുവിൽ കോഴിക്കോട്ട് വീണ്ടും നാലു പേർക്ക് നിപ സ്ഥിരീകരിച്ചു. മരിച്ച ഒരാൾക്കും ചികിത്സയിലുള്ള മൂന്നുപേർക്കുമാണ് രോഗബാധ കണ്ടെത്തിയത്. കുറ്റ്യാടിക്കടുത്ത മരുതോങ്കരയിലും വടകരയ്ക്കടുത്ത ആയഞ്ചേരിയിലും നടന്ന മരണങ്ങളിൽ ആയഞ്ചേരി സ്വദേശി മരിച്ചത് നിപ ബാധ മൂലമാണെന്ന് പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്.
മരുതോങ്കരയിൽ മരിച്ചയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നില്ല. പക്ഷേ, ഇദ്ദേഹത്തിന്റെ ഭാര്യക്കും ഭാര്യാസഹോദരനും നിപ സ്ഥിരീകരിച്ചതോടെ മരിച്ചയാൾക്കും നിപ ബാധിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരിച്ചയാളും ഭാര്യാസഹോദരനും അടച്ചിട്ട കാറിൽ ഒരുമിച്ചു യാത്ര ചെയ്തിരുന്നു. ഇവരെ കൂടാതെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ഒന്പതു വയസുകാരനും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിയുടെ നില ഗുരുതരമാണ്.
ആദ്യം മരിച്ചയാൾക്ക് നിപ ബാധിച്ചിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനമെങ്കിലും ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല. രോഗം ബാധിച്ചു മരിച്ച രണ്ടു പേരും ഒരേ ദിവസം ഒരേ ആശുപത്രിയിൽ ഒരു മണിക്കൂറിന്റെ വ്യത്യാസത്തിൽ ഉണ്ടായിരുന്നുവെന്നും ആശുപത്രിയിൽനിന്നാണ് രണ്ടാമത്തെയാൾക്ക് രോഗം ബാധിച്ചതെന്നുമാണ് വ്യക്തമാകുന്നതെന്നും വീണാ ജോർജ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു. നിപ രോഗബാധിതരെ ചികിത്സിച്ച കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടിയവർക്കെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നിപ രോഗബാധ സ്ഥിരീകരിച്ച രണ്ടു പ്രദേശങ്ങളുടെയും അഞ്ചു കിലോമീറ്റർ ചുറ്റളവിൽ കണ്ടയ്ൻമെന്റ് സോണ് പ്രഖ്യാപിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കാൻ ആരോഗ്യമന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. കണ്ടയ്ൻമെന്റ് സോണിലുള്ളവർ മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കാൻ ആരോഗ്യവകുപ്പ് പോലീസിന്റെ സഹായം തേടും. നിപ സാഹചര്യത്തിൽ മൂന്നു കേന്ദ്ര സംഘങ്ങൾ ഇന്ന് കേരളത്തിലെത്തും. 2018ൽ കോഴിക്കോട് പേരാന്പ്രയിലെ സൂപ്പിക്കടയിൽ പൊട്ടിപ്പുറപ്പെട്ട നിപ ബാധയിൽ 17 പേർ മരിച്ചിരുന്നു.
പോലീസിന്റെ സഹായത്തോടെ പൂർണമായ സന്പർക്കപട്ടിക തയാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരിച്ച ഒരാളുടെ സന്പർക്കപട്ടികയിലുള്ള 127 പേർ ആരോഗ്യപ്രവർത്തകരാണ്. രോഗികളെ ചികിത്സിച്ച ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. മന്ത്രിമാരായ വീണാ ജോർജിന്റെയും പി.എ. മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കോഴിക്കോട്ട് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ 75 ബെഡുകളുള്ള പ്രത്യേക ഐസോലേഷൻ വാർഡ് സജ്ജീകരിച്ചു.
രോഗം ബാധിച്ച സ്ഥലങ്ങളിൽ അടുത്തിടെ നടന്ന വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുത്തവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ പ്രദേശത്തു നിന്നുള്ളവർ മറ്റു സ്ഥലങ്ങളിലേക്കു യാത്രകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മരണമടഞ്ഞവരും ചികിത്സയിൽ കഴിയുന്നവരും സഞ്ചരിച്ച വഴികൾ, സ്ഥലങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി സന്പർക്കപട്ടികയിലുള്ളവരെ കണ്ടെത്താൻ തീവ്ര ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് രോഗികളുടെ സന്പർക്കപട്ടിക തയാറാക്കുന്നത്. മരിച്ച ഒരാളുടെ സന്പർക്കപട്ടികയിൽ നൂറിലേറെ പേരുണ്ടെന്ന് ഏകദേശ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതിൽ 10 പേരെ മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളൂ.