സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവുകൾക്കു മുൻഗണന നിശ്ചയിക്കും
Wednesday, June 7, 2023 12:49 AM IST
തിരുവനന്തപുരം: സംസ്ഥാനം അതീവ ഗുരുതര സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഓരോ വകുപ്പിലും മുൻഗണനാ ക്രമം നിശ്ചയിച്ച് അത്യാവശ്യ ചെലവുകൾക്കു മാത്രം പണം ചെലവഴിച്ചാൽ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.
സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ വകുപ്പുകളുടെ പദ്ധതി നിർദേശങ്ങൾ പണം നൽകാത്തതിനാൽ മുടങ്ങിക്കിടക്കുകയാണെന്ന് വകുപ്പു സെക്രട്ടറിമാർക്കു വ്യാപക പരാതിയുണ്ടെന്ന കാര്യം യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, പണമില്ലാത്ത സമയത്തു ചെലവഴിക്കുന്നത് ഒരു കലയാണെന്ന മറുപടിയായിരുന്നു മുഖ്യമന്ത്രി നൽകിയത്.
പണം കൈയിൽ വച്ചിട്ടു കൊടുക്കാത്ത സാഹചര്യമല്ല. പണം ഇല്ലാത്തതിനാലാണു വകുപ്പുകൾക്കു പണം നൽകാത്തതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചിട്ടും കേന്ദ്രത്തോടു സംസ്ഥാനം എന്താണു കാരണമെന്നു ചോദിച്ചിട്ട് ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. കേന്ദ്രം മറുപടി നൽകാത്ത സാഹചര്യത്തിൽ വീണ്ടും വായ്പ വെട്ടിക്കുറച്ച നടപടിയിൽ വിശദീകരണം തേടും.
സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ ക്ഷേമപെൻഷൻ അടക്കമുള്ള ഒരു സാമൂഹിക സുരക്ഷാ പെൻഷനും മുടങ്ങാൻ പാടില്ലെന്നും മുഖ്യമന്ത്രി കർശന നിർദേശം നൽകി. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും അമേരിക്കൻ, ക്യൂബൻ സന്ദർശനത്തിനു മുന്നോടിയായാണു മന്ത്രിസഭാ യോഗത്തിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി യോഗം വിളിച്ചത്.