നടൻ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് ഇരിങ്ങാലക്കുടയിൽ
Tuesday, March 28, 2023 1:14 AM IST
കൊച്ചി/ഇരിങ്ങാലക്കുട: സിനിമയിലും ജീവിതത്തിലും ഇന്നസെന്റ് സമ്മാനിച്ച നല്ല ചിരി ഓര്‍മകള്‍ക്ക് കണ്ണീരോടെ വിടചൊല്ലി സിനിമാലോകം.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാവിലെ എട്ട് മുതല്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരം അവസാനമായി ഒരു നോക്കു കാണാന്‍ സഹപ്രവര്‍ത്തകര്‍ക്ക് പുറമേ രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ നിന്നുള്ള ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
മമ്മൂട്ടി മുതല്‍ ഇളംതലമുറയിലെ അഭിനേതാക്കള്‍ വരെ കടവന്ത്രയിലെ പൊതുദര്‍ശന ഹാളില്‍ മുഴുവന്‍ സമയവും ചെലവഴിച്ചത്, ഇന്നസെന്റ് സഹപ്രവര്‍ത്തകര്‍ക്ക് എത്ര പ്രിയപ്പെട്ടവനായിരുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു. ചിരിയില്ലാത്ത ഇന്നസെന്റിനെ അവസാനമായി കണ്ട പലരും വിങ്ങിപ്പൊട്ടി. പൊതുദര്‍ശനം ആരംഭിച്ചപ്പോള്‍ മുതല്‍ അവസാനിക്കുന്നതു വരെയും വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു.
മൂന്നര മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിനൊടുവില്‍ 11.30ന്, നിശബ്ദത തളംകെട്ടിനിന്ന കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍നിന്നും പ്രത്യേകം തയാറാക്കിയ ലോ ഫ്ളോര്‍ ബസില്‍ ജന്മനാട്ടിലേക്ക് ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു.
മകന് സോണറ്റും യാത്രയെ അനുഗമിച്ചു. യാത്ര കടന്നു പോയ വഴികളിലെല്ലാം പ്രിയ താരത്തെ അവസാനമായി കാണാൻ ആളുകള്‍ തടിച്ചുകൂടിയിരുന്നു.
ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാള്‍, അങ്കമാലി നഗരസഭ ഓഫീസ് പരിസരം എന്നിവിടങ്ങളിലും പൊതുദര്ശനമു ണ്ടായിരുന്നു.
ജന്മനാട്ടിൽ ആയിരങ്ങളുടെ അന്ത്യാഞ്ജലി
ആയിരങ്ങളാണ് ഇന്നസെന്റിനെ അവസാനമായി ഒരു നോക്കുകാണാൻ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിയത്. അപ്പോഴും നിറചിരിയുടെ സ്മൃതികളായിരുന്നു ഏവർക്കും മനസിൽ.
ഇന്നലെ ഉച്ചതിരിഞ്ഞ് 2.20നാണ് ഇന്നസെന്റിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ട ുള്ള വിലാപയാത്ര ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ പ്രവേശിച്ചത്. മണിക്കൂറുകൾക്കു മുന്‍പേ ഇവിടെ ആയിരങ്ങൾ കാത്തുനിന്നിരുന്നു.
അവസാനമായി കാണാൻ തിരക്കുകൂട്ടിയവരെ നിയന്ത്രിച്ചു വരിയായാണ് അകത്തേക്കു കടത്തിവിട്ടത്. ടൗണ്‍ ഹാളിൽ നേരത്തേ തന്നെ എത്തിയ ഇന്നസെന്റിന്റെ ഭാര്യ ആലീസ്, മകൻ സോണറ്റ്, മരുമകൾ രശ്മി, കൊച്ചുമക്കളായ ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ് എന്നിവർ സമീപത്തുതന്നെ ഉണ്ടായിരുന്നു.
മന്ത്രിമാരായ ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സണ്‍ സോണിയ ഗിരി, സനീഷ് സി. ജോസഫ് എംഎൽഎ എന്നിവരും എത്തി. മുൻ നഗരസഭ കൗണ്‍സിലറും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹത്തിൽ ജില്ലാ ഭരണകൂടത്തിനുവേണ്ടി ജില്ലാ കളക്ടർ കൃഷ്ണ തേജ റീത്ത് സമർപ്പിച്ചു. മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാനെത്തി. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.
അഞ്ചേകാലോടെ ടൗണ്‍ഹാളിൽ പൊതുദർശനം അവസാനിപ്പിച്ച് സ്വന്തം വീടായ പാർപ്പിടത്തിലേക്കു കൊണ്ടുപോയി. അപ്പോഴും ടൗണ്‍ ഹാളിലേക്ക് ആളുകൾ ഒഴുകുകയായിരുന്നു. ഇന്നു രാവിലെ 9.30ന് വീട്ടിൽ സംസ്കാര ശൂശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാരം നടത്തും.