ഇന്ത്യൻ പരസ്യകലയ്ക്ക് സ്വന്തമായൊരു ശൈലിയും രൂപവും സമ്മാനിച്ച വ്യക്തിയെയാണ് പീയൂഷ് പാണ്ഡെയുടെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. 70കാരനായ പീയുഷ് പാണ്ഡെ ഇന്നലെയാണ് അന്തരിച്ചത്.
ഭാരതീയ ജനതാ പാർട്ടിയുടെ "അബ് കി ബാർ, മോദി സർക്കാർ’, കാഡ്ബറിയുടെ "കുച്ച് ഖാസ് ഹേ’, ഏഷ്യൻ പെയിന്റ്സിന്റെ "ഹർ ഘർ കുച്ച് കെഹ്താ ഹേ’ തുടങ്ങിയ പരസ്യ പ്രചാരണങ്ങൾക്ക് പിന്നിലെ സർഗാത്മക ശക്തിയായിരുന്നു പാണ്ഡെ. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ഉപഭോക്താക്കളെക്കുറിച്ചുള്ള ധാരണയോടെ, പാണ്ഡെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചില പ്രചാരണങ്ങൾ തയാറാക്കി, നിരവധി ബ്രാൻഡുകളെ ഇന്ത്യയിൽ മുഴുവൻ പരിചിതമാക്കി മാറ്റി. തനി നാടൻ നർമബോധവും കഥപറയാനുള്ള സ്വാഭാവികമായ കഴിവും അദ്ദേഹത്തിന്റെ പരസ്യങ്ങളെ ഇന്ത്യക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകളാക്കി. പരസ്യങ്ങൾ അദ്ദേഹത്തിന് ഇന്ത്യൻ പരസ്യങ്ങളുടെ പിതാവ് എന്ന പേര് നൽകി.
നാലു പതിറ്റാണ്ടിലേറെയായി ഒഗിൽവി ഇന്ത്യയെന്ന പരസ്യ ഏജൻസിയുടെ ഭാഗമായിരുന്ന പാണ്ഡെ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പരസ്യനിർമാതാക്കളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. പരസ്യരംഗം ഇംഗ്ലീഷ് ഭാഷയുടെ പിടിയിൽ അമർന്നിരുന്ന കാലത്താണ് ഇന്ത്യൻ ശൈലിയിലുള്ള പരസ്യങ്ങളുമായി പാണ്ഡെയുടെ രംഗപ്രവേശം. ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നതും ഇന്ത്യൻ പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കുന്നതുമായ പരസ്യങ്ങൾ തീർത്ത പാണ്ഡെ പരസ്യ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു.
ജയ്പുരിലാണ് പാണ്ഡെ ജനിച്ചത്. 1982ൽ 27-ാം വയസിൽ ഒഗിൽവിൽനിന്നു വിളി വരും മുന്പ് ടീ ടേസ്റ്റിംഗിലും നിർമാണ രംഗത്തും പ്രവർത്തിച്ചു. ക്രിക്കറ്റ് കളിക്കാരനുമായിരുന്നു. ക്രിക്കറ്റിൽ രഞ്ജി ട്രോഫി ലെവലിൽ വരെയെത്തിയിരുന്നു.
സാധാരണ ജനങ്ങളുടെ ഭാഷയിൽ സംസാരിച്ച് അദ്ദേഹം പരസ്യ രംഗത്തെ അടിമുടി മാറ്റി. അദ്ദേഹം തയാറാക്കിയ പരസ്യങ്ങൾ ഇന്ത്യക്കാരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയായി മാറി. ജനങ്ങൾ എല്ലാക്കാലത്തും ഓർത്തുവയ്ക്കുന്ന നിരവധി പരസ്യങ്ങൾ പിയൂഷ് പാണ്ഡെയുടെ നേതൃത്വത്തിൽ പുറത്തിറങ്ങി.
ശ്രദ്ധേയമായ പരസ്യങ്ങൾ
ദേശീയോദ്ഗ്രഥന ഗാനം - മിലേ സുർ മേരാ തുംഹാര
ദേശീയോദ്ഗ്രഥനത്തെയും വൈവിധ്യത്തിൽ ഏകത്വത്തെയും പ്രോത്സാഹിപ്പിച്ചായിരുന്നു ഈ കാന്പെയ്ൻ. ഇന്ത്യയുടെ മനോഹരമായ പശ്ചാത്തലങ്ങളിൽ, വിവിധ പ്രദേശങ്ങൾ, മതങ്ങൾ, ഭാഷകൾ എന്നിവയിൽ നിന്നുള്ള പ്രമുഖരായ ഇന്ത്യൻ വ്യക്തികൾ ഒരുമിച്ച് പാടുന്നത് പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. വൈവിധ്യമാർന്ന സംസ്കാരങ്ങൾ എങ്ങനെ ഒത്തുചേരാമെന്ന് കാണിക്കുന്നതിനായി സംഗീതം, ദൃശ്യങ്ങൾ, സബ്ടൈറ്റിലുകൾ എന്നിവ ഇതിൽ സംയോജിപ്പിച്ചിരുന്നു, ഇത് തലമുറകൾക്ക് ഒരു ദേശസ്നേഹ ഗാനമാക്കി മാറ്റി.
കാഡ്ബെറി ഡെയറി മിൽക്ക്- കുച്ച് ഖാസ് ഹേ
കാഡ്ബെറി ചോക്ലേറ്റ് പങ്കുവച്ചുകൊണ്ടുള്ള സന്തോഷവും ആഹ്ലാദവും ചെറിയ ആഘോഷങ്ങളുടെ വിഷയമാക്കിയാണ് ഈ പരസ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത്. കുടുംബാംഗങ്ങളും ദന്പതികളും സുഹൃത്തുക്കളും ചോക്ലേറ്റ് കൈമാറുന്നതും ഇതു കാണിച്ചുതന്നു. കാഡ്ബെറിയുടെ പരസ്യത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് വിജയാഹ്ലാദത്തിൽ ക്രിക്കറ്റ് മൈതാനത്ത് നൃത്തം ചെയ്യുന്ന കാഡ്ബെറി ഗേൾ ആയിരുന്നു.
ഫെവിക്കോൾ- ഫെവികോൾ കാ ജോഡ് ഹെ ടൂട്ടേഗ നഹി
ഫെവിക്കോൾ പശയുടെ ശക്തമായ ബന്ധനശേഷി ഈ പരസ്യങ്ങൾ ഉയർത്തിക്കാട്ടി. നർമത്തിൽ ചാലിച്ച അതിശയോക്തി കലർന്ന പരസ്യങ്ങളായിരുന്നു ഇതിലൂടെ അവതരിപ്പിച്ചത്. വീടിനു മുകളിൽനിന്നു താഴേക്കു വീണിട്ടും പൊട്ടാത്ത കോഴി മുട്ടയുടെ പരസ്യം ശ്രദ്ധേയമായി. കൂടാതെ തിങ്ങി നിറഞ്ഞ ബസിനു മുകളിലിരുന്ന് യാത്ര ചെയ്യുന്ന ആൾക്കാരുടെ പരസ്യവും.
ഏഷ്യൻ പെയിന്റ്സ്- ഹർ ഖർ കുച്ച് കെഹ്താ ഹേ
ഓരോ വീടിന്റെയും വ്യക്തിത്വത്തെയും ഓർമകളെയും പെയിന്റ് പ്രതിഫലിപ്പിക്കുന്നു എന്ന ആശയമാണ് ഇതിൽ കാണിച്ചത്. ഈ പരസ്യങ്ങൾ ഉത്സവങ്ങൾ ആഘോഷിക്കുന്ന, വീടുകൾ പുതുക്കിപ്പണിയുന്ന, പുതിയ ഓർമകൾ സൃഷ്ടിക്കുന്ന കുടുംബങ്ങളെ ചിത്രീകരിച്ചു.
പോളിയോ നിർമാർജന കാംപയിൻ-ദോ ബൂന്ദ് സിന്ദഗി കെ
പോളിയോയ്ക്കെതിരേ കുട്ടികൾക്കു വാക്സിൻ നല്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ പരസ്യത്തിന്റെ ലക്ഷ്യം. ഈ പരസ്യത്തിലേക്ക് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജാക്കി ഷറോഫ്, ഐശ്വര്യ റായി എന്നിവരെ അഭിനയിപ്പിച്ചു.
2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം-അബ് കി ബാർ, മോദി സർക്കാർ’ബിജെപിയുടെ ഈ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജനങ്ങൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു.
വോഡഫോണ്-സൂസൂ
ഐപിഎൽ സീസണിൽ വോഡഫോണിന്റെ മൊബൈൽ, ഡാറ്റ സേവനങ്ങളെ വളരെ രസകരവും വിചിത്രവുമായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു ഈ പരസ്യം. സാധാരണകാര്യങ്ങൾ തമാശയും അതിശയോക്തിയും കലർന്ന രീതിയിൽ ചെയ്യുന്ന വലിയ തലകളും വെള്ള മുട്ടയുടെ ആകൃതിയിലുള്ള ശരീരവുമുള്ള കഥാപാത്രങ്ങളെയാണ് (സൂസൂ) പരസ്യത്തിൽ അവതരിപ്പിച്ചത്.
ഫെവിക്വിക്കിന്റെ 'തോഡോ നഹീം, ജോഡോ', പോഡ്സിന്റെ "ഗൂഗ്ലി വൂഗ്ലി വൂഷ്', ഹച്ചിന്റെ പരസ്യത്തിലെ പഗ്ഗ് നായ എന്നിവയും പാണ്ഡെയുടെ അവതരണങ്ങളായിരുന്നു.
Tags : Piyush Pandey memories