യുകെ ആരോഗ്യമേഖലയിലെ(NHS) ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗക്കാർ, ഏഷ്യക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ (BAME)എന്നിവരുടെ പട്ടികയിൽ മലയാളി നഴ്സായ സജൻ സത്യൻ ഇടം നേടി. ഹെൽത്ത് സർവീസ് ജേണൽ (HSJ) പ്രസിദ്ധീകരിച്ച പട്ടികയിലാണ് എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്സും ’അലയൻസ് ഓഫ് സീനിയർ കേരള നഴ്സസ്’ (Alliance of Senior Kerala Nurses - ASKeN) സ്ഥാപകനുമായ സജൻ സത്യനെ യുകെ മലയാളികൾക്കാകെ അഭിമാനകരമായ ഈ നേട്ടത്തിന് അർഹനായത്.
യുക്മയുടെ ആരംഭകാലം മുതൽ സഹയാത്രികനായ സാജൻ സത്യന്റെ അഭിമാനകരമായ നേട്ടത്തിൽ യുക്മ കുടുംബമൊന്നാകെ ആഹ്ളാദത്തിലാണ്. 2019-22 കാലഘട്ടത്തിൽ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനം വഹിച്ച സാജൻ 2022-25 കാലയളവിൽ യോർക്ക്ഷയർ & ഹംബർ റീജണിൽ നിന്നുള്ള ദേശീയ സമിതിയംഗമായും പ്രവർത്തിച്ചു. യുക്മ നഴ്സസ് ഫോറം നാഷണൽ കോർഡിനേറ്റർ, നാഷണൽ അഡ്വൈസർ എന്നീ നിലകളിലും മികവുറ്റ പ്രവർത്തനം കാഴ്ചവച്ച സാജൻ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തിന് ഒരു മാർഗദർശിയാണ്. യുകെയിലെ നഴ്സിംഗ് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്ന സാജൻ അവയ്ക്ക് സാധ്യമായ പരിഹാരങ്ങൾ നിർദേശിക്കുവാനും നടപ്പിലാക്കുവാനും മുൻനിരയിലുണ്ട്.
അലയൻസ് ഓഫ് സീനിയർ കേരള നഴ്സസ് (ASKeN) എന്ന യുകെ നാഷണൽ ഹെൽത്ത് സർവീസിലെ സീനിയർ നഴ്സുമാരുടെ സംഘടനയുടെ സ്ഥാപക നേതാവായ സാജൻ സത്യനോടൊപ്പം യുകെ ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, ലണ്ടൻ മേയർ സാദിഖ് ഖാൻ, റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡന്റ് മുംതാസ് പട്ടേൽ, പൌളറ്റ് ഹാമിൽട്ടൻ എംപി തുടങ്ങിയ പ്രമുഹരാണ് പട്ടികയിൽ ഇടം നേടിയവർ. യുകെയിലേക്ക് പുതിയതായി എത്തുന്ന നഴ്സുമാർക്ക് പിന്തുണ നൽകുവാനും ഇവിടെയുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കുവാനും വേണ്ടിയാണ് സാജൻ സത്യൻ ASKeN സ്ഥാപിച്ചത്. എൻഎച്ച്എസ് അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയർന്ന തസ്തികകളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാൽ കരിയറിൽ മുന്നോട്ട് വരുന്നവർക്ക് മാതൃകയാക്കാൻ ആളില്ലാത്ത അവസ്ഥ ASKeNന്റെ പ്രധാന ശ്രദ്ധാവിഷയമാണ്.
എൻഎച്ച്എസ്സിൽ 2009 മുതൽ സേവനമനുഷ്ഠിക്കുന്ന സാജൻ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണർ, ലീഡ് അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണർ, ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഉൾപ്പടെ വിവിധ ചുമതലകൾ വഹിച്ച ശേഷമാണ് എയർഡെയ്ൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നഴ്സായി ചുമതലയേറ്റത്. തിരക്കേറിയ ഔദ്യോഗിക ചുമതലകൾക്കൊപ്പം പഠിക്കുവാനും സമയം കണ്ടെത്തുന്ന സാജൻ പൊതുപ്രവർത്തന രംഗത്തും അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്നത് ഏറെ സന്തോഷകരമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ എൻട്രസ് പരീക്ഷയിലൂടെ ബിസ് സി നഴ്സിംഗ് 1994 98 ബാച്ചിൽ പൂർത്തിയാക്കിയ സാജൻ തുടർന്ന് മംഗലാപുരം നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസിൽ നഴ്സിംഗ് ട്യൂട്ടറായി സേവനം അനുഷ്ടിച്ചു. തുടർന്ന് 2003ൽ യുകെയിൽ ബുപയിൽ ജോലിയിൽ പ്രവേശിച്ചു. 2005 മുതൽ എൻ എച്ച് സിൽ പ്രവർത്തിയെടുത്ത് വരുന്ന സാജൻ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഉൾപ്പടെ വിവിധ മേഖലകളിൽ വിവിധ പദവികളിൽ സേവനമനുഷ്ടിച്ചു. മിഡ്ലാൻഡ് മെട്രോപ്പൊലിറ്റൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയറക്ടർ ഓഫ് അഡ്വാൻസ് നഴ്സിംഗ് പ്രാക്ടീസ് ആയിരുന്നു.
ഭാര്യ അനൂപ സാജൻ ഡബ്ലിനിൽ രജിസ്റ്റർഡ് നഴ്സാണ്. എ ലെവൽ വിദ്യാർഥിനിയായ നിയാ സാജൻ, ഏഴാം ക്ലാസ് വിദ്യാർഥി മിലൻ സാജൻ എന്നിവരാണ് മക്കൾ. ലീഡ്സിന് സമീപമുള്ള വെഡ്നസ്ഫീൽഡിലാണ് സാജൻ കുടുംബ സമേതം താമസിക്കുന്നത്.
യുക്മയുടെ സഹയാത്രികനും നേതൃനിരയിലെ സജീവ സാന്നിദ്ധ്യവുമായ സാജന്റെ അഭിമാനാർഹമായ നേട്ടത്തിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ, മുൻ പ്രസിഡന്റുമാരായ മനോജ്കുമാർ പിള്ള, ഡോ. ബിജു പെരിങ്ങത്തറ, മുൻ ജനറൽ സെക്രട്ടറിയും ബേസിംഗ്സ്റ്റോക്ക് കൗൺസിലറുമായ സജീഷ് ടോം
മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, പിആർഒ കുര്യൻ ജോർജ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ യോർക്ക്ഷയർ & ഹംബർ റീജിയണൽ പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യൻ, യുഎൻഎഫ് ദേശീയ സമിതിയംഗങ്ങൾ തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.
കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാനും കൂടുതൽ ഉയരങ്ങൾ കീഴടക്കുവാനും സാജന് കഴിയട്ടെയെന്ന് യുക്മ നേതൃത്വം ആശംസിച്ചു.
Tags : UK NHS Sajan Sathyan