NRI
ലണ്ടൻ: ഇന്ത്യൻ വംശജരായ സഹോദരങ്ങൾക്ക് യുകെ കോടതി തടവുശിക്ഷ വിധിച്ചു. കുട്ടികൾക്കെതിരേ ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗികാതിക്രമങ്ങൾ നടത്തിയതിനാണ് ഇരുവരെയും ശിക്ഷിച്ചത്. വ്രിജ് പട്ടേൽ (26) എന്ന യുവാവിന് 22 വർഷവും സഹോദരൻ കിഷൻ പട്ടേലിന് 15 മാസവുമാണ് തടവുശിക്ഷ വിധിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവങ്ങൾ. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും കൈവശം വച്ചതിനുമാണ് സഹോദരൻ കിഷൻ പട്ടേലിനെ ശിക്ഷിച്ചത്. ഇയാൾ ദൃശ്യങ്ങൾ സൂക്ഷിച്ചുവച്ച ഉപകരണം കേടായത് നന്നാക്കാനായി കടയിൽ കൊടുത്തപ്പോൾ ദൃശ്യങ്ങൾ കടക്കാരുടെ ശ്രദ്ധയിൽപെടുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.
ഈ ദൃശ്യങ്ങളിലുള്ളത് വ്രിജ് പട്ടേലാണെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുറ്റകൃത്യങ്ങൾ തെളിഞ്ഞത്.
NRI
എസക്സ്: യുകെയിൽ എസക്സിലെ ബാസിൽഡണിൽ നടന്ന പ്രഥമ സോഷ്യൽ ക്ലബ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ബാസിൽഡണിലെ ഫയർ ഫാൽക്കൺസ് ടീം കിരീടം നേടി.
വാശിയേറിയ ഫൈനലിൽ ക്ഷത്രിയൻസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫാൽക്കൺസ് കിരീടം ചൂടിയത്. ക്യാപ്റ്റൻ അനൂപ് മാത്യു ഫാൽക്കൺസിന് വേണ്ടി സ്റ്റെർലിംഗ് സ്ട്രീറ്റ് മോർട്ടേജ് ഉടമ ജിജോ മടുക്കക്കുഴിയിൽ നിന്നും കിരീടം ഏറ്റുവാങ്ങി.
ടൂർണമെന്റിലെ മികച്ച താരവും ബൗളറുമായി ടിജിത്ത് കെ. ശശിയെയും (ഫയർ ഫാൽക്കൺസ്) ബാറ്ററായി അജിത് കുമാറിനെയും (ക്ഷത്രിയൻസ്) ഫീൽഡറായി അശ്വിൻ അബ്രഹാമിനെയും (ഫയർ ഫാൽക്കൺസ്) തെരഞ്ഞെടുത്തു.
സോഷ്യൽ ക്ലബിന് വേണ്ടി ജിപ്സൺ മറുത്തോസ് നന്ദി പറഞ്ഞു.
NRI
ലണ്ടൻ: തുരുത്തി മരങ്ങാട്ട് സേവ്യര്‍ പീലിപ്പോസ് (അപ്പച്ചന് 74, കോട്ടയം ജില്ലാ ഫുട്ബോള്‍ ടീം മുന്‍ വൈസ് ക്യാപ്റ്റന്‍) യുകെയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് യുകെയില്‍.
ഭാര്യ: പരേതയായ ലിസമ്മ സേവ്യര്‍ തുരുത്തി കരിങ്ങട കുടുംബാംഗമാണ്. മക്കള്‍: അന്‍സ് സേവ്യര്‍, അനിത ജെറീഷ്, അമല സഞ്ചു, അനൂപ് സേവ്യര്‍.
മരുമക്കള്‍: ജിന്റാ അന്‍സ് മാലത്തുശേരി ഇത്തിത്താനം, ജെറീഷ് പീടികപറമ്പില്‍ കുറിച്ചി, സഞ്ചു കൈനിക്കര ചീരഞ്ചിറ, സോണിയ നെല്ലിക്കല്‍ ളായിക്കാട്.
NRI
കോട്ടയം: ഡോ. അനിൽ സുകുമാരനെ യുകെ റോയൽ കോളജ് ഓഫ് പതോളജി FRC Path ബിരുദം നൽകി ആദരിച്ചു. ദന്തൽ വിദ്യാഭ്യാസ സേവന മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് അംഗീകാരം. പതോളജി വിഭാഗത്തിനു മാത്രം നൽകിയിരുന്ന ഈ അംഗീകാരം പെരിയോഡോൺഡിക്സ് വിഭാഗത്തിൽ നിന്ന് ഇന്ത്യയിൽ ആദ്യമായി ഡോ. അനിലിനാണു ലഭിക്കുന്നത്.
തിരുവനന്തപുരം ഗവ. ദന്തൽ കോളജിൽ നിന്ന് 1984 ൽ ബിഡിഎസ് ഒന്നാം റാങ്കും ബസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ് അവാർഡും നേടി.1989 ൽ എംഡിഎസ് ബിരുദം നേടിയശേഷം അധ്യാപനം, റിസേർച്ച് മേഖലകളിൽ വിവിധ ദന്തൽ കോളജുകളിൽ സേവനം അനുഷ്ടിച്ചതിനു ശേഷം 1999-2002 കാലഘട്ടത്തിൽ ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിൽ നിന്നു പിഎച്ച്ഡിയും നേടി.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി അവാർഡുകൾ നേടിയ ഡോ. അനിൽ 2012 ൽ സൗദി അറേബ്യ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡൻ ക്വിൽ ഫോർ റിസേർച്ചിന് അർഹനായി. കോവിഡ് 19നു മോണ രോഗങ്ങളുമായുള്ള ബന്ധം എന്ന വിഷയത്തിലുള്ള പ്രബന്ധവും മങ്കിപോക്സ് ഉളവാക്കുന്ന ആശങ്കകളെക്കുറിച്ചുള്ള പ്രബന്ധവും അന്താരാഷ്ട്ര ശ്രദ്ധ നേടി.
ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിൽ സീനിയർ കൺസൾറ്റന്റായി പ്രവർത്തിക്കുന്ന ഡോ. അനിൽ പുഷ്പഗിരി റിസേർച്ച് സെന്ററിൽ അനുബന്ധ പ്രഫസർ ആയും സേവനം നൽകുന്നു. ഇന്ത്യയിൽ യുവ ഗവേഷകർക്കുള്ള സാധ്യതകൾ മുന്നിൽ കണ്ട് വിവിധ മേഖലകളെ ആരോഗ്യമേഖലയുമായി ബന്ധിപ്പിക്കുന്നിനുള്ള പദ്ധതികൾക്ക് ഡോ. അനിൽ നേതൃത്വം നൽകുന്നു.
NRI
കേംബ്രിജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ "തപസ് ധ്യാനം' ഒക്ടോബർ 10 മുതൽ 12 വരെ സെന്റ് നിയോട്ട്സിൽ വച്ച് സംഘടിപ്പിക്കുന്നു.
ലണ്ടൻ റീജിയണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും കൗൺസിലറും തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവർ സംയുക്തമായി ത്രിദിന തപസ് ധ്യാനം നയിക്കും.
ഒക്ടോബർ 10ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന തിരുക്കർമങ്ങൾ 12ന് വൈകുന്നേരം നാലിന് സമാപിക്കും. തപസ് ധ്യാനത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം.
NRI
സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പൻസും ലൂട്ടൻ ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യുകെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ തണ്ടേഴ്സ് ഫാൽക്കൺസ് കിരീടം നേടി. നോർവിച്ചിൽ നിന്നുള്ള നാം ടീം റണ്ണറപ്പായി.
സ്റ്റീവനേജിൽ ആദ്യമായി നടന്ന ടൂർണമെന്റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജോബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കാർഡിഫ് മുതൽ നോർവിച്ച് വരെയുള്ള ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് കായിക പ്രേമികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തണ്ടേഴ്സ് ഫാൽക്കൺസ് 10 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നാം നോർവിച്ചിനെ മികച്ച ബൗളിംഗിലൂടെ 49 റൺസിന് ഓൾഔട്ടാക്കി തണ്ടേഴ്സ് ഫാൽക്കൺസ് തകർപ്പൻ വിജയം ഉറപ്പിച്ചു.
NRI
ലണ്ടൻ: മലയാളി നഴ്സ് ബ്ലെസി സാംസൺ(48) യുകെയിൽ അന്തരിച്ചു. അനീമിയ രോഗത്തെ തുടർന്നാണ് അന്ത്യം. ലെസ്റ്ററിലെ ഒരു സ്വകാര്യ കെയർ ഹോമിലായിരുന്നു ജോലി.
ഇൻഡോർ മലയാളിയായ സാംസൺ ജോൺ ആണ് ഭർത്താവ്. മക്കൾ: അനന്യ (17), ജൊവാന (12). ഇൻഡോറിലാണ് ബ്ലെസി നാട്ടിൽ താമസിച്ചിരുന്നത്.
പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ ബ്ലെസി പേഴുംപാറ കുടുംബാംഗമാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
NRI
എക്സിറ്റർ: 17 വർഷമായി യുകെയിലെ എക്സിറ്ററിൽ പ്രവാസ ജീവിതം നയിച്ച മലയാളി സമൂഹത്തിന്റെ സ്വന്തം രവി(രവിയേട്ടൻ) നാട്ടിലേക്ക് മടങ്ങുന്നു. എക്സിറ്ററിലെ മലയാളികളുടെ സൗഹൃദ വലയത്തിലെ പ്രധാനിയായിരുന്നു അദ്ദേഹം.
രവിയുടെ വീട് എക്സിറ്ററിലെ മലയാളി സൗഹൃദ കൂട്ടായ്മകൾക്ക് എന്നും ഒരു താവളമായിരുന്നു. വാക്കിലും പ്രവർത്തിയിലും സത്യസന്ധതയും ആത്മാർഥതയും പുലർത്തിയ രവി, സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
അസോസിയേഷൻ തെരഞ്ഞെടുപ്പുകൾ എത്തുമ്പോൾ ചെയർമാൻ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുന്ന പേരായിരുന്നെങ്കിലും ആ പദവി സ്നേഹപൂർവം നിരസിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.
ഭാര്യ ശ്യാമളയുടെ ചികിത്സാർഥമാണ് കുടുംബം നാട്ടിലേക്ക് മടങ്ങുന്നത്. ഔദ്യോഗിക രംഗത്തും ജീവിതത്തിലും സത്യസന്ധതയും അർപ്പണബോധവും കാണിച്ചിരുന്ന ശ്യാമള വേഗം പൂർണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്ന് എക്സിറ്ററിലെ മലയാളികൾ ആശംസിച്ചു.
വിവാഹജീവിതത്തിലേക്ക് കടക്കുന്ന മകൾ ലച്ചുവിനു ആശംസകൾ നേരുന്നതിനോടൊപ്പം നാട്ടിൽ സന്തോഷകരമായ ജീവിതം ലഭിക്കട്ടെ എന്നും അവർ കൂട്ടിച്ചേർത്തു.
NRI
സ്റ്റീവനേജ്: ഹർട്ട് ഫോർഡ്ഷെയറിലെ സ്റ്റീവനേജിൽ ഓൾ യുകെ ടി10 ക്രിക്കറ്റ് ടൂർണമെന്റ് സ്റ്റീവനേജ് കൊമ്പൻസും ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 8.30ന് ആരംഭിക്കുന്ന മത്സരങ്ങൾക്ക് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയം വേദിയാകും.
നാം, ബിഎംസിസി, കൊമ്പൻസ് - ഹോക്സ്, ഫോർട്ട് സിസി, മേർത്യർ ടൈറ്റൻസ്, ലൂട്ടൻ ടസ്ക്കേഴ്സ്, യുണൈറ്റഡ് സ്ട്രൈക്കേഴ്സ്, ഫാൽക്കൺ തണ്ടേഴ്സ് എന്നീ എട്ടു ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക.
നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രണ്ടു വേദികളിലായിട്ടാവും മത്സരം നടക്കുക. എട്ടു ടീമുകൾ നോക്ക്ഔട്ട് അടിസ്ഥാനത്തിലാകും മത്സരിക്കുക. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.
ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റർ, ബൗളർ, പ്ലെയർ ഓഫ് ദ സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകും.
ക്രിക്കറ്റ് മത്സരത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ലൈജോൺ ഇട്ടീര - 07883226679, മെൽവിൻ അഗസ്റ്റിൻ - 07456281428, അർജുൻ - 07717121991, ശരത് - 07741518558.
NRI
ലണ്ടൻ: വയോധികരുടെ അസ്ഥിരോഗ ചികിത്സയുമായി ബന്ധപ്പെട്ടു നാനോ ടെക്നോളജിയിലെ ഗവേഷണത്തിനു കൊല്ലം സ്വദേശിനിക്ക് 26.38 കോടി രൂപയുടെ യുകെ റിസർച്ച് ആൻഡ് ഇന്നവേഷൻ ഫ്യൂച്ചർ ലീഡേഴ്സ് ഫെലോഷിപ്പ്.
പാരിപ്പള്ളി കിഴക്കനേല സ്വദേശിനി ആരതി രാം ആണ് ഫെലോഷിപ്പിന് അർഹയായിരിക്കുന്നത്. നാല് വർഷത്തേക്ക് ഉള്ള ഗവേഷണത്തിന് 2.2 മില്യൺ പൗണ്ടാണ് (26.38 കോടി രൂപ) ആരതിക്ക് ലഭിക്കുക.
യുകെ ബ്രാഡ്ഫഡ് സർവകലാശാലയിൽ ലൈഫ് സയൻസ് അസിസ്റ്റന്റ് പ്രഫസറായ ആരതി റാം 2020ൽ 2.70 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയിട്ടുണ്ട്.
കിഴക്കനേല ഗവ. എൽപി സ്കൂൾ, കടമ്പാട്ടുകോണം എസ്കെവി എച്ച്എസ്, പാളയംകുന്ന് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു ആരതി റാമിന്റെ സ്കൂൾ പഠനം.
കേരള സർവകലാശാലയിൽ നിന്ന് എംഎസ്സി ഫിസിക്സ്, കുസാറ്റിൽ നിന്ന് എംഫിൽ, സൗത്ത് കൊറിയയിൽ നിന്നു പിഎച്ച്ഡി എന്നിവ നേടിയ ശേഷമാണ് ആരതി യുകെയിൽ എത്തുന്നത്.
പാരിപ്പള്ളി കിഴക്കനേല അയോധ്യയിൽ റിട്ട. സുബേദാർ മേജർ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെ യും ശശികലയുടെയും മകളാണ്.
ഭർത്താവ് അഭീഷ് രാജൻ ഉണ്ണിത്താൻ ബ്രാഡ്ഫഡ് സർവകലാശാലയിൽ ലക്ചററാണ്. മകൾ ആരുഷി.
NRI
ലണ്ടൻ: ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ ഓണാഘോഷം "നല്ലോണം പൊന്നോണം' സ്പീഡ് വെൽ റൂംസ് സ്റ്റേവലി ഹാളിൽ നടന്നു.
രാവിലെ 11ന് മാവേലി താലത്തിന്റെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ കമ്മിറ്റിക്കാരുടെയും സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.
NRI
ലണ്ടൻ: യുകെയിലെ സൗത്ത് യോർക്ഷയറിലെ വോമ്പ്വെൽ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ബ്രാംപ്ടൺ ബീയർലോ പാരീഷ് ഹാളിൽ നടന്ന ആഘോഷത്തിൽ കേംബ്രിഡ്ജ് മുൻ മേയർ അഡ്വ. ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കെടുത്തു.
വോമ്പ്വെൽ മലയാളി കമ്യൂണിറ്റി ഒരുക്കിയ ഓണാഘോഷ പരിപാടികൾ കൂട്ടായുടെ സംഘടനാപാടവവും യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സജീവതയും വിളിച്ചോതുന്നതായി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര, തിരുവാതിരകളി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ, വടംവലി തുടങ്ങിയ പരിപാടികൾ ഓണഘോഷം വർണാഭമാക്കി.
NRI
ലണ്ടൻ: യുകെയിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവുശിക്ഷ. ബർമിംഗ്ഹാമിലെ വീട്ടിൽ വച്ചാണ് 76കാരിയായ മൊഹീന്ദർ കൗറിനെ മകൻ സുർജിത് സിംഗ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സംഭവം നടന്നത്. ടിവി റിമോട്ടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്രൂരമായ മർദനത്തെ തുടർന്നുണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണം.
സംഭവത്തിന് പിന്നാലെ വീട്ടിൽനിന്നും മടങ്ങിയ പ്രതി ഇതേക്കുറിച്ച് ബന്ധുവിനെ അറിയിച്ചിരുന്നു. പോലീസെത്തി ക്യൂൻ എലിസബത്ത് ആശുപത്രിയിൽ മൊഹീന്ദർ കൗറിനെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണംസംഭവിച്ചിരുന്നു.
വെള്ളിയാഴ്ച ബർമിംഗ്ഹാം ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. 15 വർഷം തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം മാത്രമേ പ്രതിയുടെ പരോൾഅപേക്ഷ സ്വീകരിക്കാവു എന്നും കോടതി നിർദേശിച്ചു.
സംഭവത്തിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ പ്രതിയുടെ രക്തത്തിൽ നിന്നും മദ്യത്തിന്റെയും കൊക്കെയ്ന്റെയും അംശം കണ്ടെത്തി.
NRI
ലണ്ടൻ: യുകെയിൽ സിഖ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30ന് ഓൾഡ്ബറിയിലെ ടേം റോഡിന് സമീപമാണ് സംഭവം. 20കാരിയാണ് പീഡനത്തിനിരയായത്.
അക്രമികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്ന് തന്നോട് ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. അക്രമികളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. സിസിടിവി, ഫോറൻസിക് അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
ആക്രമികൾ വെള്ളക്കാരാണെന്ന് എന്ന് തിരിച്ചറിഞ്ഞു. ഒരാൾ തല മുണ്ഡനം ചെയ്ത് ഇരുണ്ട നിറമുള്ള സ്വെറ്റ് ഷർട്ട് ധരിച്ചിരുന്നുവെന്നും മറ്റേയാൾ ചാരനിറത്തിലുള്ള ടോപ്പ് ധരിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
പ്രദേശത്ത് പട്രോളിംഗ് വർധിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ ബ്രിട്ടീഷ് എംപി പ്രീത് കൗർ ഗിൽ അപലപിച്ചു. സമീപകാലത്ത് വർധിച്ചുവരുന്ന വംശീയത വളരെയധികം ആശങ്കാജനകമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
NRI
സൗത്താംപ്ടൺ: മലയാളി നഴ്സ് കാൻസർ രോഗത്തെ തുടർന്ന് യുകെയിൽ അന്തരിച്ചു. വിചിത്ര ജോബിഷ്(36) ആണ് മരിച്ചത്.
2021 ഫെബ്രുവരിയിലാണ് വിചിത്ര റോയൽ ഹാംപ്ഷയർ കൗണ്ടി എൻഎച്ച്എസ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. നേരത്തെ ബഹറനിലും നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു.
വയനാട് പനമരം ചൂരക്കുഴി വീട്ടിൽ ജോബിഷ് ജോർജാണ് ഭർത്താവ്. മക്കൾ: ലിയാൻ (8), ഹെസ (5). സംസ്കാരം പിന്നീട്.
NRI
ലെസ്റ്റർ: കോട്ടയം നട്ടാശേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മരിച്ചു. ലെസ്റ്ററിൽ താമസിക്കുന്ന വർഗീസ് വർക്കി(70) ആണ് മരിച്ചത്.
ഭാര്യ: മേഴ്സി (നഴ്സ്, ലെസ്റ്റർ റോയൽ ഇൻഫേർമറി ഹോസ്പിറ്റൽ). മക്കൾ: മാർട്ടിന, മെർലിൻ. മരുമകൻ: സനൽ.
2009ൽ യുകെയിൽ എത്തിയ വർഗീസ് 2012 മുതൽ ലെസ്റ്ററിലാണ് താമസിക്കുന്നത്. നട്ടാശേരി ഇരുപതിൽ കുടുംബാംഗമാണ്.
സംസ്കാരം പിന്നീട് യുകെയിൽ വച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
NRI
ലണ്ടൻ: ഇത്തിത്താനം പൊൻപുഴ പ്രദീക്ഷ വീട്ടിൽ ജയപ്രകാശ്(60) യുകെയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് യുകെയിൽ. പരേതൻ കൂനന്താനം നന്ദനം വീട്ടിൽ പരേതരായ കുമാരുകുട്ടൻ നായർ - അമ്മിണിയമ്മ ദന്പതികളുടെ മകനാണ്.
ഭാര്യ ദീപ പൊൻപുഴ അനിൽ ഭവൻ കുടുംബാംഗം. മക്കൾ: അക്ഷയ് പ്രകാശ്, അശ്വിക പ്രകാശ് (ഇരുവരും യുകെ).
NRI
ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് എന്നിവരാണ് മരിച്ചത്.
ഒൻപത് പേർക്ക് പരിക്കേറ്റു. എസെക്സിൽ ഗണേഷ് വിസർജൻ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചൈതന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് റിഷിതേജ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സായ് ഗൗതം റാവുല്ല (30) എന്നയാൾ വെന്റിലേറ്ററിലാണ്.
പരിക്കേറ്റ മറ്റ് വിദ്യാർഥികളായ യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരും ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട കാറുകൾ ഓടിച്ചിരുന്ന ഗോപിചന്ദ് ബടമേകല, മനോഹർ സബ്ബാനി എന്നീ രണ്ട് വിദ്യാർഥികളെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തു.
NRI
ലണ്ടൻ: കോട്ടയം ജില്ലയിലെ അയർക്കുന്നം, മറ്റക്കര സ്വദേശികളായ യുകെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ അയർക്കുന്നം മറ്റക്കര സംഗമത്തിന് പുതുനേതൃത്വം. 13 അംഗ കമ്മിറ്റിയെയാണ് ബർമിംഗ്ഹാമിൽ നടന്ന എട്ടാമത് സംഗമത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള സാരഥികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
2017ൽ നടന്ന ആദ്യ സംഗമത്തിന്റെ ജനറൽ കൺവീനറായിരുന്ന സി.എ ജോസഫ് (പ്രസിഡന്റ്), ബെൻസിലാൽ ചെറിയാൻ (സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറർ), ചിത്ര എബ്രഹാം (വൈസ് പ്രസിഡന്റ്), ജിഷ ജിബി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോമോൻ വള്ളൂർ, ബിജു പാലക്കുളത്തിൽ, ജോഷി കണിച്ചിറയിൽ, ഫെലിക്സ് ജോൺ, ഷിനോയ് തോമസ്, ജോജി ജോസ് എന്നിവരെയും പ്രോഗ്രാം കോഓർഡിനേറ്റർമാരായി റാണി ജോസഫ്, ടെൽസ്മോൻ തടത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു.
മുൻ പ്രസിഡന്റ് മേഴ്സി ബിജുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്.
NRI
കോട്ടയം: അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. തോട്ടയ്ക്കാട് പന്തപ്പാട്ട് വര്‍ഗീസിന്റെ മകന് ആല്‍വിനാണ്(27) മരിച്ചത്. റോക്ക്ലാന്‍ഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റില്‍ ആല്‍വിന്റെ കാര്‍ അപകടത്തില്‍പെടുകയായിരുന്നു.
ന്യൂജഴ്സി ഓറഞ്ച്ബര്‍ഗിലെ ക്രസ്ട്രോണ്‍ ഇലക്ട്രോണിക്സില് സിസ്റ്റം മാനേജരായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്ലി ഹില്‍സ് ഹോളി ഫാമിലി സീറോമലബാര്‍ ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.
മാതാവ്: എലിസബത്ത് വര്‍ഗീസ്. സഹോദരങ്ങള്‍: ജോവിന്, മെറിന്. സഹോദരീ ഭര്‍ത്താവ്: ജോബിന് ജോസഫ്.
NRI
ലണ്ടൻ: യുകെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാൽ(26) ആണ് മരിച്ചത്.
യുകെയിലെ സൗത്ത് യോർക്ക്ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോൾ തൂങ്ങി മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്സ്ബറോ പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവും യുകെയിൽ എത്തുന്നത്. തുടർന്ന് രണ്ട് വർഷം മുൻപാണ് കെയർഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈഷ്ണവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി മെക്സ്ബറോ പോലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുന്നത്.
NRI
കെറ്ററിംഗ്: ജന്മനാടിന്റെ സ്മരണകൾ പുതുക്കി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികളുടെ സംഗമം ബ്രിട്ടനിലെ കെറ്ററിംഗിൽ നടന്നു. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ സംഗമം ഉദ്ഘാടനം ചെയ്തു.
ജോലിക്കായും പഠനത്തിനായും ബ്രിട്ടനിലേക്ക് കുടിയേറിയ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് ചങ്ങാശേരിക്കാർ പങ്കെടുത്ത സംഗമം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതായി.
ബാല്യ - കൗമാര കാലഘട്ടങ്ങളിലും സ്കൂൾ കോളജ് കാലത്തും സമകാലീരായിരുന്ന സുഹൃത്തുക്കളെ വർഷങ്ങൾക്ക് ശേഷം കുടുംബ സമേതം ഒരുമിച്ചു കാണുവാനും സൗഹൃദം പങ്കുവയ്ക്കുന്നതിനും വേദിയായ സംഗമത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
ചങ്ങനാശേരിയുടെ വികസനത്തനും പുരോഗതിക്കും പ്രവാസികൾ നൽകുന്ന നിസ്തുലമായ പങ്കിന് പ്രത്യേകം നന്ദി അർപ്പിച്ചു സംസാരിച്ച ഉദ്ഘാടകനായ എംഎൽഎ, നാടും വീടും വിട്ടിട്ട് വർഷങ്ങളായിട്ടും ഇപ്പോഴും ചങ്ങനാശേരിയെക്കുറിച്ചുള്ള ഓർമകളും വികസനസ്വപ്നങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ നിർദേശങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു.
NRI
കവന്‍ട്രി: യുകെയിൽ മലയാളി ബാലൻ റൂഫസ് കുര്യന് പനി ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച സ്കൂളില്‍ പോയി മടങ്ങി വന്ന റൂഫസ് പനിയെ തുടർന്ന് മരുന്ന് കഴിച്ചിരുന്നു.
തുടർന്ന് ശരീരത്തില്‍ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ 2.30ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പത്ത് മിനിറ്റിനകം മരണം സംഭവിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശികളായ കുര്യന് വര്‍ഗീസും സിസ്റ്റർ ഷിജി തോമസുമാണ് മാതാപിതാക്കൾ. ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുമ്പാണ് കുര്യനും കുടുംബവും യുകെയിൽ എത്തിയത്. സംസ്കാരം പിന്നീട്.