ന്യൂയോർക്ക്: ദൈവത്തിന്റെ ദയയിൽ ജീവിക്കുന്നവർ അപ്രതീക്ഷിത തകർച്ചകളിലും ദൈവീക ദൗത്യം നിറവേറ്റുന്നവരും പ്രതിഫലം ആഗ്രഹിക്കാതെ ലോകത്തിന് സേവനം നൽകുന്നവരുമായിരിക്കണമെന്ന് ഡോ. ജോർജ് ഏബ്രഹാം. ദുഃഖം അനുഭവിക്കുന്നവരെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനും ഹൃദയം തുറക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലൈൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച 598-ാമത് സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു ബോസ്റ്റണിലെ സെന്റ് വിൻസന്റ് ആശുപത്രിയിലെ ചീഫ് ഓഫ് മെഡിസിനും യൂണിവേഴ്സിറ്റി ഓഫ് മാസച്യുസിറ്റ്സ് മെഡിക്കൽ സ്കൂളിലെ പ്രഫസറുമായ ഡോ. ജോർജ് ഏബ്രഹാം.
പ്രാരംഭ പ്രാർഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. 598-ാമത് സെഷൻ പിന്നിടുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം പേർ എല്ലാ ചൊവ്വാഴ്ചകളിലും പങ്കെടുക്കുന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്ന് ആമുഖപ്രസംഗത്തിൽ സി.വി. സാമുവൽ (ഡിട്രോയിറ്റ്) പറഞ്ഞു.
തിരുവല്ലയിൽ വച്ച് മാർത്തോമ്മ സഭയുടെ മാനവ സേവാ അവാർഡ് ലഭിച്ച ഡോ. ജോർജ് ഏബ്രഹാമിനെ ഇന്റർനാഷണൽ പ്രയർലൈനിന്റെ പേരിൽ സി.വി. സാമുവൽ അഭിനന്ദിച്ചു. മധ്യസ്ഥ പ്രാർഥനയ്ക്ക് എം.വി. വർഗീസ് (അച്ചൻകുഞ്ഞ്), ന്യൂയോർക്ക്, നേതൃത്വം നൽകി. ലൈല ഫിലിപ്പ് മാനുവൽ, ബോസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.
ബോസ്റ്റൺ കാർമൽ മാർത്തോമ്മ ചർച്ച് വികാരി റവ. ആഷിഷ് തോമസ് ജോർജിന്റെ പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. അലക്സ് തോമസ് ജാക്സൺ നന്ദി പറഞ്ഞു. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ സാങ്കേതിക സഹായം നൽകി.
Tags : International Prayer Line USA