കോൽക്കത്ത: പശ്ചിമബംഗാളില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനിടെ ആൾക്കൂട്ട ആക്രമണത്തിനിരയായ ബിജെപി എംപി ഖഗേൻ മുർമുവിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കുമെന്ന് റിപ്പോർട്ട്.
ഖഗേൻ മുർമുവിന്റെ കണ്ണിനു താഴെ അസ്ഥി ഒടിഞ്ഞതുൾപ്പെടെ മുഖത്ത് ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) കഴിയുന്ന മുർമുവിന്റെ ആരോഗ്യനില തൃപ്തികരമാണ്.
"മുർമുവിന് കണ്ണിന് താഴെ അസ്ഥി ഒടിവ് ഉൾപ്പെടെ മുഖത്ത് ഗുരുതരമായ പരിക്കുകൾ ഉണ്ട്. അദ്ദേഹം ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കാം. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്'-ആശുപത്രി വാർത്താകുറിപ്പിൽ അറിയിച്ചു.
ചികിത്സയിൽ കഴിയുന്ന ബിജെപി എംഎൽഎ ശങ്കർ ഘോഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ നഗ്രാകാട്ടയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ പരിശോധനയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്തിയതായിരുന്നു ഖഗന്‍ മുര്‍മുവും സംഘവും. ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരേയും ഒരു കൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
Tags : BJP MP Jalpaiguri Facial Surgeries