കമ്പിക്കുരുക്കിൽപെട്ട തെരുവുനായയ്ക്ക് ദുരിതജീവിതം
1494017
Friday, January 10, 2025 2:00 AM IST
അഗളി: അബദ്ധത്തിൽ കമ്പിക്കുരുക്കിൽ അകപ്പെട്ട തെരുവ് നായക്ക് ദുരിത ജീവിതം. ഇടത് പിൻകാലിൽ മുറുകിയ നൂൽകമ്പി മാംസത്തിലേക്ക് ആഴ്ന്നിറങ്ങി. അനുദിനം മുറിവ് വലുതായിക്കൊണ്ടിരുന്നു. രണ്ടുമാസം പിന്നിട്ടതോടെ കാലിലെ അസ്ഥി തെളിഞ്ഞു. ഗർഭിണിയായിരുന്ന തെരുവുനായ ഇതിനിടെ പ്രസവിച്ചു. നെഞ്ചു നുറുങ്ങുന്ന വേദനയിലും മാതൃസ്നേഹം വഴിഞ്ഞൊഴുകി.
കുഞ്ഞുങ്ങളെ നക്കിത്തുടച്ച് പാലൂട്ടി ചേർത്തുനിർത്തി. ചിറ്റൂർ പുലിയറയിൽ എസ്എൻഡിപി അമ്പലത്തിന് സമീപത്തുള്ള ഒരു ഷെഡ്ഡിലാണ് തെരുവുനായ അഭയം തേടിയിരിക്കുന്നത്.
സ്ഥല ഉടമ വണ്ടർകുന്നേൽ പ്രഭാകരനും കുടുംബവും ഭക്ഷണം നൽകുന്നുണ്ട്. കഠിനവേദനയാൽ ഭക്ഷണം കഴിക്കാൻ പോലും ആകാത്ത സ്ഥിതിയാണ്. ഭക്ഷണം കഴിക്കാതെ എല്ലും തോലുമായി കഴിഞ്ഞു തെരുവ് നായ.
കടി കിട്ടുമോ എന്ന് ഭയന്ന് നായയെ പിടികൂടാനുമാകുന്നില്ല. മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായി സ്ഥലത്തെത്തി നായക്ക് വേണ്ട ചികിത്സ നൽകി കാലിൽ കുടുങ്ങിക്കിടക്കുന്ന കമ്പി എടുത്തു മാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.