ഷൊർണൂർ റെയിൽവേ മേൽപ്പാലത്തിൽ സുരക്ഷാസംവിധാനമൊരുക്കുന്നു
1494261
Saturday, January 11, 2025 1:24 AM IST
ഷൊർണൂർ: ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിനുമുകളിൽ ഇരു വശങ്ങളിലും സുരക്ഷാ ബാരിക്കേഡൊരുക്കുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇത്. പാലത്തിനുമുകളിൽ ജീവനക്കാർ ജോലിചെയ്യുന്നതിനിടെ ട്രെയിനെത്തിയാൽ പാളത്തിനുപുറത്തേക്ക് മാറിനിൽക്കാനുള്ള സംവിധാനമാണ് ഒരുക്കി വരുന്നത്. പാലത്തിന്റെ മുകളിലെ ഗർഡറുകൾ മാറ്റുന്നതിന്റെ ഭാഗമായി പാളത്തിന് വശത്തായാണ് ഈ സുരക്ഷാ മുൻകരുതൽ.
ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് മുകളിലെ റെയിൽവേ പാലത്തിൽ ട്രെയിൻതട്ടി നാലു തൊഴിലാളികൾ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് പാളത്തിന് വശത്തായി പ്രത്യേക സുരക്ഷാസൗകര്യമൊരുക്കുന്നത്. പാലത്തിനുമുകളിൽ കയറേണ്ടിവരുന്ന തൊഴിലാളികൾക്ക് ട്രെയിൻവന്നാൽ മാറി നിൽക്കാവുന്ന സൗകര്യംകൂടിയാണിത്.
പാലത്തിന് മുകളിലേക്ക് റെയിൽവേ ജീവനക്കാർക്ക് അനുമതിയോടെ പ്രവേശിക്കാമെങ്കിലും മറ്റാർക്കും കയറാൻ അനുമതിയില്ല. ഇത്തരത്തിൽ ജോലിചെയ്യുന്നവർക്ക് ട്രെയിനെത്തുമ്പോൾ ഇവിടേക്ക് മാറിനിൽക്കാനുള്ള പ്രതലമാണിത്. പാലത്തിന്റെ രണ്ടറ്റങ്ങളിലും സുരക്ഷാ കവചങ്ങളുണ്ട്. ഇതിനുപുറമെയാണ് പാളത്തിന്റെ വശങ്ങളിലായി പ്രത്യേകസൗകര്യം കൂടി തയ്യാറാക്കുന്നത്. രണ്ട് പാളങ്ങളുടെയും ഗർഡറുകൾമാറ്റി പുതിയപാളങ്ങൾ സ്ഥാപിച്ചിരുന്നു.