ജീവനം ചാരിറ്റബിൾ സൊസൈറ്റിയുടെ സൗജന്യ ആടുവിതരണം 13ന്
1494024
Friday, January 10, 2025 2:00 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ജീവനം ചാരിറ്റബിൾ സൊസൈറ്റിയുടെയും വടക്കഞ്ചേരി സഹകരണ സർവീസ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ ആസ്ഥാനമായുള്ള ഫാ. ഡേവിസ് ചിറമലിന്റെ നേതൃത്വത്തിലുള്ള കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനുള്ള ആട് ഗ്രാമം പദ്ധതിയിലൂടെ 100 കുടുംബങ്ങൾക്കുള്ള ആടുവിതരണം 13ന് നടക്കും. രാവിലെ പത്തിന് വടക്കഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘത്തിനടുത്ത് നടക്കുന്ന ആട് വിതരണ ഉദ്ഘാടനം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമൽ നിർവഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് മുഖ്യാതിഥിയാകും. കോ-ഓർഡിനേറ്റർ സുനിൽ തൈമറ്റം മുഖ്യപ്രഭാഷണം നടത്തും.
സഹകരണ സർവീസ് ബാങ്ക് പ്രസിഡൻ്റ് റെജി കെ. മാത്യു അധ്യക്ഷത വഹിക്കും. സീനിയർ വെറ്ററിനറി സർജൻ ഡോ. പി. ശ്രീദേവി ബോധവൽക്കരണ ക്ലാസ് നടത്തും. സൊസൈറ്റി പ്രസിഡന്റ് വി. രവീന്ദ്രൻ ആമുഖപ്രസംഗം നടത്തും.
ഏഴു വർഷമായി പാലിയേറ്റീവ് പരിചരണം നടത്തി വരുന്ന ജീവനം ചാരിറ്റബിൾ സൊസൈറ്റി 2020 മുതലാണ് ആട് ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചത്. സൗജന്യ പിഎസ് സി പരിശീലനം, ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ, രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പുകൾ, സൗജന്യ കാൻസർ പരിശോധന ക്യാമ്പ് , തിമിരരോഗ പരിശോധനാ ക്യാമ്പ് തുടങ്ങിയ സൽപ്രവൃത്തികൾ സൊസൈറ്റി നടത്തി വരുന്നുണ്ട്.
ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം, തയ്യൽ മെഷീൻ വിതരണം, നിർധന കുടുംബങ്ങൾക്ക് ഭഷ്യ കിറ്റ് വിതരണം, രോഗികൾക്ക് ആവശ്യമായ സർജിക്കൽ കട്ടിൽ, എയർബെഡ്, വാട്ടർ ബെഡ്, വീൽചെയർ തുടങ്ങിയവ സൊസൈറ്റി നൽകി വരുന്നുണ്ട്.