സബ്സ്റ്റേഷനു തറക്കല്ലിട്ടു: അട്ടപ്പാടിയിലെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകും
1494025
Friday, January 10, 2025 2:00 AM IST
അഗളി: അട്ടപ്പാടിയിൽ 220 കെവി സബ്സ്റ്റേഷൻ ആരംഭിക്കുന്നതിന് കെഎസ്ഇബി തറക്കല്ലിട്ടു. 250 കോടി രൂപ ചെലവിട്ടാണ് കെഎസ്ഇബി ബൃഹത്പദ്ധതി നടപ്പാക്കുന്നത്.
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമവും ഭൂമിപൂജയും അഗളിയിൽ നടത്തി. നിലയിൽ കെഎസ്ഇബി പ്രവർത്തിക്കുന്ന സ്ഥലത്തു തന്നെയാണ് 220 സബ് പ്രവർത്തിക്കുക.
ഭൂമിക്കടിയിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനാണ് അഗളിയിൽ സ്ഥാപിക്കുന്നത്. അട്ടപ്പാടിയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്വീകരിക്കുന്നതിനും വൈദ്യുതി വിതരണത്തിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ഇതിലൂടെ സാധ്യമാകും.
നിലവിൽ അട്ടപ്പാടിയിൽ 31 കാറ്റാടി യന്ത്രങ്ങൾ ആണ് ഉള്ളത്. പുതിയതായി 70 കാറ്റാടികൾ കൂടി ഇനി നിർമിക്കാൻ ലക്ഷ്യമിടുന്നു. ഈ കാറ്റാടികൾ കൂടി പ്രവർത്തനക്ഷമമായാൽ അട്ടപ്പാടിക്ക് പുറത്തേക്ക് വൈദ്യുതി സപ്ലൈ ചെയ്യാൻ ആകുമെന്ന് കെഎസ്ഇബി അറിയിച്ചു. അഗളിയിൽ നടന്ന ശിലാസ്ഥാപന കർമത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി. സുരേഷ്, സി.എം. റഷീദ്, എക്സിക്യൂട്ടീവ് എൻജിനീയർമാരായ എസ്. രാമമൂർത്തി, വീരരാഘവൻ, കെ. ഷാജി, അസിസ്റ്റന്റ് എൻജിനീയർമാരായ ടി. ശിവകുമാർ, ടി.ഡി. തോമസ്, സബ് എൻജിനീയർമാരായ അബ്ദുൾ മുത്തലിബ്, കെ. രവി തുടങ്ങിയവർ ശിലാസ്ഥാപന കർമത്തിൽ പങ്കെടുത്തു.