ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രം ഇന്നു തുറക്കും
1494015
Friday, January 10, 2025 2:00 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രം ഇന്ന് തുറക്കും. റെയിൽവേസ്റ്റേഷനു സമീപത്തായിത്തന്നെയാണ് പുതുതായി പാർക്കിംഗ് കേന്ദ്രം തുറക്കുന്നത്. 5000 ചതുരശ്രയടിയാണ് ഇതിന്റെ വലുപ്പം. നിലവിൽ യാത്രക്കാരുടേതുൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ സൗജന്യമായി നിർത്തിയിടുന്നുണ്ട്.
സ്റ്റേഷനു വലതുവശത്തുള്ളതും പാർസൽ ഓഫീസിന് മുൻവശത്തുള്ളതുമായ രണ്ട് പാർക്കിംഗ് സ്ഥലങ്ങളും ഇന്നുമുതൽ പ്രവർത്തനമാരംഭിക്കും. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിനോടൊപ്പം നിർമിച്ച പുതിയ പാർക്കിംഗ് കേന്ദ്രത്തിലുൾപ്പെടെ വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 5000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമിച്ച പാർക്കിംഗ് സ്ഥലത്ത് നൂറുകണക്കിന് വാഹനങ്ങൾ നിർത്തിയിടാനാവും. പാർസൽ ഓഫീസിന് മുൻവശത്തായുള്ള രണ്ടാമത്തെ പാർക്കിംഗ് കേന്ദ്രവും ഇന്ന് തുറക്കും. രണ്ട് പാർക്കിംഗ് സ്ഥലങ്ങളുടെയും ദർഘാസ് നടപടികൾ പൂർത്തിയാക്കി കരാറുകാർക്ക് കൈമാറുകയും ചെയ്തു.
കോയമ്പത്തൂരുള്ള ഏജൻസിയാണ് കരാറെടുത്തിരിക്കുന്നത്. കരാറുകാരുടെ കാമറകൾ സ്ഥാപിക്കലുൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾ സജ്ജീകരിച്ചാൽ പാർക്കിംഗ് ഫീസ് ഈടാക്കിത്തുടങ്ങും.
റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള സ്ഥലമായതിനാൽ യാത്രക്കാർക്കേറെ സൗകര്യമാണ് പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ. വാഹനങ്ങൾക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും രണ്ടു വഴികളും പാർക്കിംഗിലുണ്ട്. പാർക്കിംഗ് ആരംഭിക്കുന്നതോടെ വാഹനങ്ങൾക്ക് ഈടാക്കാവുന്ന പാർക്കിംഗ് നിരക്ക് ബോർഡിൽ പ്രദർശിപ്പിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.