ഉപഭോക്താക്കള്ക്ക് ആശ്വാസമായി കോതകുറുശി സബ്സ്റ്റേഷൻ വരുന്നു
1494021
Friday, January 10, 2025 2:00 AM IST
ഒറ്റപ്പാലം: കോതകുറുശ്ശിയിൽ 110 കെവി സബ്സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കുമെന്നു പി. മമ്മികുട്ടി എംഎൽഎ. ആദ്യഘട്ടത്തിൽ ചുറ്റുമതിലിന്റെയും കൺട്രോൾ റൂമിന്റെയും നിർമാണമാണ് തുടങ്ങിയത്.
കോതകുറുശ്ശി തരുവക്കോണത്ത് ജലവിഭവവകുപ്പിനു കീഴിലുള്ള ഭൂമിയും റവന്യൂവകുപ്പിന്റെ ഭൂമിയും ചേർന്ന് 1.14 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് സബ് സ്റ്റേഷൻ നിർമിക്കുന്നത്. നിലവിൽ വൈദ്യുതിപ്രശ്നം രൂക്ഷമായ പ്രദേശമാണ് അനങ്ങനടി.ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, ഷൊർണൂർ, അമ്പലപ്പാറ എന്നിവിടങ്ങളിൽനിന്നാണ് കോതകുറുശ്ശി സെക്്ഷൻ പരിധിയിലേക്ക് വൈദ്യുതിയെത്തുന്നത്. ഷൊർണൂരിൽനിന്ന് വല്ലപ്പുഴ സെക്ഷൻ വഴിയാണ് എത്തുന്നത്. ഇങ്ങനെ ദൂരസ്ഥലങ്ങളിൽനിന്ന് വൈദ്യുതിയെത്തുന്നതിനാൽ ലൈനിലുണ്ടാകുന്ന തടസങ്ങളും പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഇതിൽ ഏത് സെക്്ഷനിൽ വൈദ്യുതിത്തടസമുണ്ടായാലും അനങ്ങനടിയെ ബാധിക്കുമെന്നതാണ് ഇവിടത്തെ പ്രശ്നം. 2024 മാർച്ചിലാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി സബ് സ്റ്റേഷന്റെ നിർമാണോദ്ഘാടനം നടത്തിയത്. എന്നാൽ, പിന്നീട് നിർമാണം വൈകാൻ കാരണം ചില സാങ്കേതികപ്രശ്നങ്ങളാണ്. തുടർന്ന് പി. മമ്മിക്കുട്ടി എംഎൽഎ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുകയായിരുന്നു.
ഒറ്റപ്പാലം നഗരസഭയ്ക്കു പുറമെ അനങ്ങനടി പഞ്ചായത്ത് ഉൾപ്പെടെ ചളവറ, തൃക്കടീരി, വാണിയംകുളം, അമ്പലപ്പാറ, നെല്ലായ, പൂക്കോട്ടുകാവ് തുടങ്ങിയ ഏഴ് പഞ്ചായത്തുകൾക്കും കോതകുറുശ്ശിയിൽ സബ് സ്റ്റേഷൻ വരുന്നതോടെ ഗുണം ലഭിക്കും.
വല്ലപ്പുഴ, പേങ്ങാട്ടിരി, ഒറ്റപ്പാലം, അമ്പലപ്പാറ, വാണിയംകുളം, ചെർപ്പുളശ്ശേരി സെക്്ഷനുകൾക്കും കോതകുറിശ്ശിയിലെ സബ്സ്റ്റേഷൻ വരുന്നതോടെ ഗുണമാകും.