കോൺഗ്രസിലെ നൗഷാദ് ബാബു തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ്
1494262
Saturday, January 11, 2025 1:24 AM IST
കല്ലടിക്കോട്: തച്ചമ്പാറ പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സഖ്യം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ പിടിച്ചെടുത്തു. തുടർച്ചയായി നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിൽ നിലവിൽ ഭരണസമിതിക്ക് ഉണ്ടായിരുന്ന സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തതോടെയാണ് ഭരണ പക്ഷമായ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായത്.
സിപിഎം അംഗത്തിന്റെ മരണംമൂലം ഒഴിവുവന്ന വാർഡിലും സിപിഐ അംഗം ജോർജ് തച്ചമ്പാറ രാജിവെച്ച ഒഴിവിലും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നൗഷാദ് ബാബുവും, അലി തേക്കത്തുമാണ് വിജയിച്ചത്. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട ഒ. നാരായണൻകുട്ടി പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പഞ്ചായത്തിൽ യുഡിഎഫിന് എട്ടും ഇടതുപക്ഷത്തിന് ഏഴും സീറ്റായിരുന്നു ഉണ്ടായിരുന്നത്. ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച അബൂബക്കർ ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്നു.
വിപ്പ് ലംഘിച്ച് ഇടതുപക്ഷ സ്വതന്ത്രനായ അബൂബക്കർ മുച്ചിരിപ്പാടൻ യുഡിഎഫിന് വോട്ട് ചെയ്തു. ഇതോടെ യുഡിഎഫിന് 9 ഉം എൽഡിഎഫിന് 6 വോട്ടും ലഭിച്ചു. മുസ്ലീം ലീഗിന്റെ ശാരദ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.