അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി
1494020
Friday, January 10, 2025 2:00 AM IST
ഒറ്റപ്പാലം: മികച്ച സിനിമകളുടെ വിരുന്നൊരുക്കി ഡയലോഗ് ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒറ്റപ്പാലത്ത് തുടങ്ങി. ഒറ്റപ്പാലം ലക്ഷ്മി പിക്ചർ പാലസിലാണു നാലുദിവസത്തെ ചലച്ചിത്രോത്സവം. വിപിൻ രാധാകൃഷ്ണൻ സംവിധാനംചെയ്ത ‘അങ്കമ്മാൾ’ ആയിരുന്നു ഉദ്ഘാടനചിത്രം. സംസ്ഥാന ചലച്ചിത്രപുരസ്കാര ജേതാവ് ബീന ആർ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു.
ഇന്ന് വൈകുന്നേരം 4.30 ന് ‘നയം വ്യക്തമാക്കുന്നു ; മലയാള സിനിമയുടെ ഭാവി’ എന്ന വിഷയത്തിലും നാളെ വൈകുന്നേരം 4.30 നു ‘മനുഷ്യാനന്തര കാലത്തെ സിനിമ’ എന്ന വിഷയത്തിലും സംവാദം നടക്കും. സമാപനസമ്മേളനം ഞായറാഴ്ച വൈകുന്നേരം 4.30 നു മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി കൺവീനർ അഖില ഹരികൃഷ്ണൻ, അതുൽ കിഷൻ, നഗരസഭാധ്യക്ഷ കെ. ജാനകിദേവി, മുൻചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി, പി.കെ. ശശികുമാർ പ്രസംഗിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണു ചലച്ചിത്രോത്സവം.
ഇന്ത്യൻ, മലയാളം, ലോകസിനിമ തുടങ്ങി ഏഴു വിഭാഗങ്ങളിലായി നാല്പതോളം സിനിമകളും ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും. പുസ്തക, ഫോട്ടോ പ്രദർശനവും ഉണ്ടാകും.