ഡ്രോൺ മുഖേന നെൽപ്പാടങ്ങളിൽ സൂക്ഷ്മമൂലകങ്ങൾ തളിച്ചു
1494018
Friday, January 10, 2025 2:00 AM IST
നെന്മാറ: നെൽപ്പാടങ്ങളിൽ ഡ്രോൺ മുഖേന സൂക്ഷ്മമൂലകങ്ങൾ തളിക്കുന്ന പദ്ധതിക്ക് തുടക്കമായി. അയിലൂർ കൃഷിഭവൻ പരിധിയിലെ 7 പാടശേഖരങ്ങളിലായി 50 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ഡ്രോൺ മുഖേന സൂക്ഷ്മമൂലകങ്ങൾ നെൽപ്പാടങ്ങളിൽ തളിക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം തോണിപ്പാടം പാടശേഖരത്തിൽ അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ് ഉദ്ഘാടനം ചെയ്തു.
കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ബോറോൺ, സിങ്ക്, കോപ്പർ, അയേൺ, മാംഗനീസ്, മോളിബ്ഡിനം എന്നീ സൂക്ഷ്മമൂലകങ്ങൾ അടങ്ങിയ സമ്പൂർണ പാഡി മിക്സാണ് നെൽച്ചെടികളിൽ തളിക്കുന്നത്. സുസ്ഥിര നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി നിരക്കിലാണ് സ്പ്രേയിംഗ് നടത്തുന്നത്. മികച്ച വിളവിനു പുറമെ രോഗപ്രതിരോധ ശേഷി നേടുന്നതിനും സഹായകരമാണ് സമ്പൂർണ മൾട്ടി മിക്സ്.
മണ്ണിലൂടെയോ ജലത്തിലൂടെയോ വളം നഷ്ടപ്പെടാതെ കൊടുക്കുന്ന വളം നെൽചെടികൾക്ക് ഇലയിലൂടെ വളരെ വേഗം ലഭ്യമാകുന്നു എന്നത് ഇതിന്റെ മേന്മയാണ്. ശാസ്ത്രീയ കൃഷിരീതിയിൽ സാങ്കേതിക വിദ്യ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് പദ്ധതി വിശദീകരണത്തിലൂടെ കൃഷി ഓഫീസർ എസ്. കൃഷ്ണ അറിയിച്ചു. കൃഷി അസിസ്റ്റന്റുമാരായ വി. രമ, ജി. ദീപിക, വിവിധ പാടശേഖര സെക്രട്ടറിമാർ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.