മുഖംതിരിക്കുന്ന സർക്കാരുകൾക്കെതിരേ ആഞ്ഞടിക്കണം: സണ്ണി ജോസഫ്
1574223
Tuesday, July 8, 2025 11:26 PM IST
തൃശൂര്‍: സംസ്ഥാനസർക്കാർ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കുനേരേ മുഖംതിരിക്കുകയാണെന്നും വിലക്കയറ്റം നിയന്ത്രിക്കാനാവാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നോക്കിനില്‍ക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനങ്ങൾക്കെതിരേയും ജില്ലയെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിയും കോൺഗ്രസ് സംഘടിപ്പിച്ച സമരസംഗമം ടൗൺഹാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കൂട്ടായ ചെറുത്തുനില്‍പ്പ് അനിവാര്യമാണ്. ആഞ്ഞടിക്കണം. ജനജീവിതത്തിന്റെ സമസ്തതലങ്ങളിലും ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാരുകളാണു സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണം നടത്തുന്നത്. പെട്രോളിയം ഉത്പനങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ചെയ്തതു സെസ് ഏര്‍പ്പെടുത്തി ഇരട്ടിഭാരം ജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കാര്‍ഷികമേഖല തകര്‍ന്നു. വന്യജീവി ആക്രമണം വാര്ത്തയല്ലാതാകുന്നവിധം നിത്യസംഭവമായി. കഷ്ടപ്പെട്ടുപഠിച്ച് പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സര്‍ക്കാര്‍ജോലി ലഭിക്കാന്‍ സമരംചെയ്യേണ്ട ഗതികേടാണ്. എന്നിട്ടും ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നില്ല.
ആശാവര്‍ക്കര്‍മാര്‍ ജീവിക്കാനായി നടത്തുന്ന സമരത്തെ അവഹേളിക്കുന്നു. ഒരുദിവസം കിട്ടുന്ന 232 രൂപകൊണ്ട് ഈ വിലക്കയറ്റകാലത്ത് ആശാവര്‍ക്കര്‍മാര്‍ എങ്ങിനെ ജീവിക്കും. ക്ഷേമപെന്‍ഷനുകളും വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപ്പന്റുകളടക്കം മുടങ്ങുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സർക്കാരിന്റെ പ്രതിഛായ കൂട്ടാൻ പിആർ ഏജന്‍സികള്‍ക്കു വാരിക്കോരിനല്കാന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നു. പിഎസ്സി അംഗങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചു. സര്ക്കാര്കേസുകള് വാദിക്കുന്ന അഭിഭാഷകര്‍ക്കും ശമ്പളം കൂട്ടിനല്കിയെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിഖ് എന്നിവര്‍ പ്രസംഗിച്ചു. ഡിസിസി ഭാരവാഹികളായ കെ.കെ. ബാബു സ്വാഗതവും അഡ്വ. സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയര്മാന് ടി.വി. ചന്ദ്രമോഹന്, മുന്‍സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്, സനീഷ്കുമാര് ജോസഫ് എംഎല്‍എ, നേതാക്കളായ ടി.എന്‍. പ്രതാപന്, പി.എ. മാധവന്, ഒ. അബ്ദുറഹിമാന്‍കുട്ടി, എം.പി. വിന്‍സെന്റ്, അനില്‍ അക്കര, ടി.യു. രാധാകൃഷ്ണന്, ജോസ് വള്ളൂര്‍, സുനില്‍ അന്തിക്കാട്, രമ്യ ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.