ജില്ലയിൽ രണ്ടിടത്ത് മോഷണം; മൂന്നുപീടിക ഐഡിയ ജ്വല്ലറിയിൽ ചുമർ കുത്തിത്തുറന്ന് മോഷണശ്രമം
1573485
Sunday, July 6, 2025 7:15 AM IST
കയ്പമംഗലം: മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയിൽ ചുമർ കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ സംഭവത്തിൽ കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. കയ്പമംഗലം എസ്ഐ ടി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അന്വേഷണം നടത്തുന്നത്.
ജ്വല്ലറിയിലെ സിസിടിവി പരിശോധിച്ചതിൽനിന്നും ഇന്നലെ പുലർച്ചെ രണ്ടരയ്ക്കും മൂന്നരക്കും ഇടയിലുള്ള സമയത്താണ് മോഷണത്തിന് ശ്രമിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. 3.15 ഓടെ ചുമർ കുത്തിത്തുരന്ന് ഒരാൾ മുഖംമറച്ച് ജ്വല്ലറിയിലേക്ക് കടന്നുവരുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടാവ് അകത്ത് കടന്ന ഉടൻ തന്നെ സിസിടിവി സിസ്റ്റം സ്വിച്ച്ഓഫ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരാൾക്ക് കടന്നുവരാവുന്ന വലിപ്പത്തിലാണ് പിൻഭാഗത്തെ ചുമർ തുരന്നിട്ടുള്ളത്.
2024ൽ ഇതേ ജ്വല്ലറിയിൽ സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്. അതേ സ്ഥലത്തെ ചുമർ തന്നെയാണ് കുത്തിത്തുരന്നത്. മൂന്നാം തവണയാണ് ഈ ജ്വല്ലറിയിൽ മോഷണം നടക്കുന്നത്.
2007ലാണ് ആദ്യ മോഷണം നടന്നത്. അന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. 2024 ൽ നടന്ന മോഷണത്തിൽ 200 ഗ്രാം വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഈ കേസുകളിലൊന്നും മോഷ്ടാവിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഒല്ലൂക്കര വില്ലേജ് ഓഫീസിൽ മോഷണം
മണ്ണുത്തി: ഒല്ലൂക്കര വില്ലേജ് ഓഫീസിൽ മോഷണം. ഓഫീസിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന 750 രൂപ മോഷണം പോയി. വില്ലേജ് ഓഫീസറുടെ പരാതിയിൽ മണ്ണുത്തി പോലീസ് കേസെടുത്തു. ഒന്നരമാസം മുന്പ് തൃശൂരിലെ മറ്റൊരു വില്ലേജ് ഓഫീസിലും മോഷണശ്രമം നടന്നിരുന്നു.