ആരോഗ്യമന്ത്രി കേരളത്തിന് അപമാനം: കേരള കോണ്‍ഗ്രസ്
1573483
Sunday, July 6, 2025 7:15 AM IST
തൃശൂർ: കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കു കളങ്കംചാർത്തി അപമാനകരമായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് തൽസ്ഥാനത്ത് ഇനിയും തുടരേണ്ടതുണ്ടോയെന്ന് ഇടതുനേതൃത്വം പരിശോധിക്കണമെന്നു ടൗണ്‍ഹാളിൽ ആരംഭിച്ച കേരള കോണ്‍ഗ്രസ് ദ്വിദിന ക്യാന്പ് സെമിനാർ ആവശ്യപ്പെട്ടു.
തദ്ദേശതെരഞ്ഞെടുപ്പിനെ ജില്ലയിൽ ഒറ്റക്കെട്ടായി നേരിടുന്നതിനായി പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ അടിയന്തരമായി യുഡിഎഫ് സമിതികൾ രൂപീകരിക്കണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. സീനിയർ നേതാവ് പി.ആർ. തോമസ് പതാകയുയർത്തി. സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി മുഖ്യപ്രഭാഷണം നടത്തി.
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മിനി മോഹൻദാസ്, ജോയ് ഗോപുരൻ, പ്രസാദ് പുലിക്കോടൻ, സി.ടി. പോൾ, ജില്ലാ ജനറൽ സെക്രട്ടറി ഇട്ടിച്ചൻ തരകൻ, വൈസ് പ്രസിഡന്റുമാരായ തോമസ് ആന്റണി, ഡി. പദ്മകുമാർ, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. സന്തോഷ്, ജില്ലാ പ്രസിഡന്റ് ജോബി ആലപ്പാട്ട്, ലിൻഡി ഷിജു എന്നിവർ പ്രസംഗിച്ചു.