വിരിപ്പുകൃഷി മഴയില്‍ നശിച്ചു; കര്‍ഷകര്‍ നിരാശയില്‍
1573478
Sunday, July 6, 2025 7:08 AM IST
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ കൃഷിഭവനിലെ കൊടുങ്ങ പാടശേഖരത്തില്‍ വിരിപ്പുകൃഷിയിറക്കിയ കര്‍ഷകര്‍ കണ്ണീരിലായി. തുടര്‍ച്ചയായി പെയ്ത മഴയില്‍ വെള്ളംകയറി കൃഷി പൂര്‍ണമായും നശിച്ചതാണ് ഇവിടത്തെ കര്‍ഷകരെ കണ്ണീരിലാക്കിയത്.
11 ഏക്കറോളം വരുന്ന കൊടുങ്ങ പാടശേഖരത്തില്‍ ഇത്തവണ പതിവിലും നേരത്തെയാണ് വിരിപ്പുകൃഷിയിറക്കിയത്. ഉമ വിത്തുപയോഗിച്ചു ഞാറ്റടി തയാറാക്കി ഒറ്റഞാര്‍ സമ്പ്രദായത്തിലാണ് കൃഷിയിറക്കിയത്. ജൂണ്‍ പകുതിയോടെ ഞാറുനടീല്‍ പൂര്‍ത്തിയാക്കിയെങ്കിലും വൈകാതെ മഴ ശക്തമായി.
ദിവസങ്ങളോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ വെള്ളിക്കുളം വലിയതോടിന് സമീപത്തുള്ള പാടശേഖരം മുങ്ങി. ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നതിനെ തുടര്‍ന്ന് ഓല ചീഞ്ഞ് നെല്‍ച്ചെടികള്‍ വെള്ളത്തില്‍വീണ് നശിച്ചുപോയി.
മഴയില്‍ കൃഷി നശിച്ചതിലൂടെ കര്ഷങ്ങള്ക്ക് വലിയൊരു തുകയുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഇനി വീണ്ടും കൃഷിയിറക്കിയാല്‍ കൊയ്ത്ത് വൈകാനും അടുത്തവിളയായ മുണ്ടകന്‍ ഇറക്കാന്‍ തടസംനേരിടാനും ഇടയുള്ളതിനാല്‍ ഇത്തവണത്തെ വിരിപ്പുകൃഷി മുഴുവന്‍ കര്‍ഷകരും ഉപേക്ഷിച്ചിരിക്കയാണെന്ന് പാടശേഖര സമിതി പ്രസിഡന്റ് പൗലോസ് പാറയ്ക്കല്‍ പറഞ്ഞു.